മലപ്പുറം: ദ ഹിന്ദു ദിന പത്രത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ‘രാജ്യത്തെ തന്നെ വിഭജിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവന, അത് മുഖ്യമന്ത്രിയുടെ പേരിൽ നൽകിയ പി.ആർ ഏജൻസി. ഇത് വിഷയത്തിൻ്റെ ഗൗരവം വീണ്ടും വർധിപ്പിക്കുകയാണ്. പി ആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് വിഷയത്തിൻ്റെ ഗൗരവം കൂട്ടുന്നു’വെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
മുഖ്യമന്ത്രിക്കിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. പക്ഷേ ഒരു പി.ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. പി.ആർ ഏജൻസിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഒരു ജനവിഭാഗത്തെ തീവ്രവാദിയാക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്.’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണപക്ഷ എം എൽ എയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകും. ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കും. ഇതുപോലത്തെ പി ആർ ഏജൻസിയുമായി മുന്നോട്ടു പോയാൽ കൂടുതൽ പേർ എൽ ഡി എഫിൽ നിന്ന് പുറത്തു വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.