മലപ്പുറം; രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും എനിക്കിവിടെ ആവശ്യത്തിന് പണിയുണ്ടെന്നും മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആര് മത്സരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിക്കും. ഞാൻ മത്സരിക്കില്ലെന്ന കാര്യം പ്രസ്താവിക്കാനുള്ള അനുമതി തങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
അതേസമയം, ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാർഥി എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെന്നും എന്നാൽ അത് ശരിയല്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയിച്ച് വയനാട് സീറ്റിൽ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കിൽ ആ സീറ്റിൽ ലീഗ് മത്സരിക്കില്ല. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.