തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് എഡിജിപി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. പൂരം അട്ടിമറിക്ക് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായെന്ന് കണ്ടെത്തൽ. പൂരം അട്ടിമറിക്കാൻ ഗുഢാലോചന നടന്നെന്നും അതിൽ തുടർ അന്വേഷണം വേണമെന്നും റിപ്പോർട്ട്.
തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്കെതിരെ നിർണായക പരാമർശമുണ്ട് അന്വേഷണ റിപ്പോർട്ടിൽ. സ്ഥാപിത താല്പര്യങ്ങൾക്കു വേണ്ടി തിരുവമ്പാടിയിലെ ചിലർ പൂരം അട്ടിമറിച്ചു. പൂരം പൂർത്തീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും പറമേക്കാവ് ദേവസ്വത്തിന്റെയും ശ്രമങ്ങൾ തിരുവമ്പാടിയിലെ ചിലർ അട്ടിമറിച്ചു. പാറമേക്കാവ് ദേവസ്വം പൂരം നടത്തണം എന്ന നിലപാട് എടുത്തു. എന്നാൽ തിരുവമ്പാടി സെക്രട്ടറി ഗിരീഷ് കുമാർ പൂരം നിർത്തി വെച്ച് തടസം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്ടിൽ രാഷ്ട്രീയം പറയുന്നില്ല. എന്നാൽ ഗിരീഷ്കുമാർ കോൺഗ്രസ് നേതാവാണ്. വനം വകുപ്പിനെതിരെയും ഗുരുതര പരാമർശം ഉണ്ട്. വനം വകുപ്പിന്റെ ചില ഉത്തരവുകൾ പൂരം സംഘാടകാർക്ക് പ്രശനങ്ങൾ ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന വിഷയത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പരാതികളിൽ കഴമ്പു ഉണ്ടെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശം.