CMDRF

‘വേട്ടൈയനി’ലെ പോലീസ് ഏറ്റുമുട്ടലിനെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ടീസറിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി

‘വേട്ടൈയനി’ലെ പോലീസ് ഏറ്റുമുട്ടലിനെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി
‘വേട്ടൈയനി’ലെ പോലീസ് ഏറ്റുമുട്ടലിനെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമ ‘വേട്ടൈയനി’ലെ പോലീസ് ഏറ്റുമുട്ടലുകളെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും മധുര സ്വദേശിയായ കെ. പളനിവേലു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവർ അടങ്ങിയ ബെഞ്ച് നിർമാതാക്കൾക്ക് നോട്ടീസയക്കാൻ ഉത്തരവിട്ടു.

ഒക്ടോബർ പത്തിനാണ് ‘വേട്ടൈയൻ’ റിലീസ് ചെയ്യുന്നത്. ടീസറിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കുറ്റവാളികൾക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. വ്യാജ പോലീസ് ഏറ്റുമുട്ടലുകൾ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഇതിനെ മഹത്ത്വവത്കരിക്കുന്നത് അനുവദിക്കരുതെന്നും വാദിക്കുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ബോളിവുഡ് ഐക്കണ്‍ അമിതാഭ് ബച്ചന്‍ സ്‌ക്രീന്‍ പങ്കിടുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷന്‍, സാബുമോന്‍ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പന്‍ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top