ഏതുമഴയിലും കുട ചൂടില്ലെന്ന് പ്രതിജ്ഞ; കുടയില്ലാതെ മാത്യുവിന്റെ 49 വര്‍ഷങ്ങള്‍

ഏതുമഴയിലും കുട ചൂടില്ലെന്ന് പ്രതിജ്ഞ; കുടയില്ലാതെ മാത്യുവിന്റെ 49 വര്‍ഷങ്ങള്‍
ഏതുമഴയിലും കുട ചൂടില്ലെന്ന് പ്രതിജ്ഞ; കുടയില്ലാതെ മാത്യുവിന്റെ 49 വര്‍ഷങ്ങള്‍

മാനന്തവാടി: വയനാട് തൃശ്ശിലേരിയിലെ കുമ്പളാട്ടുകുന്നേല്‍ മാത്യു കുട ഉപയോഗിക്കാതെയായിട്ട് വര്‍ഷം 49 കഴിഞ്ഞു. മഴയായാലും വെയിലായാലും കുട ചൂടില്ലെന്ന പ്രതിജ്ഞയെടുത്തത് 1975 ജൂലായ് 22-നാണ്. എവിടെയെങ്കിലും പോകാന്‍ ഇറങ്ങിയാല്‍ മഴ പെയ്താല്‍ ചെറിയമഴയാണെങ്കില്‍ അത് നനയും. ടൗണിലുംമറ്റുമെത്തിയാല്‍ കടവരാന്തയിലൂടെയും നടക്കും. ഇനി അതും നടന്നില്ലെങ്കില്‍ ഓട്ടോറിക്ഷപിടിക്കും. എന്നാലും കുട വാങ്ങില്ല.

49 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ മാത്യു എത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ കുറച്ച് വൈകാരികമാണ്. 1975ലെ മഴക്കാലത്ത് മാത്യുവിന് നഷ്ടമായത് ഏഴുകുടകളാണ്. വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ കളഞ്ഞത് രണ്ട് കുടകള്‍. പിന്നീട് ഭാര്യയുടെ അച്ഛന്‍ രണ്ടുതവണയായി വാങ്ങിക്കൊടുത്ത കുടയും താന്‍ കൊണ്ടുപോയിക്കളഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

കുടയില്ലാതെ വീട്ടില്‍വരാന്‍ പറ്റാഞ്ഞിട്ട് അരിവാങ്ങാന്‍വെച്ച പൈസയെടുത്ത് കുടവാങ്ങിയിരുന്നു. ഗര്‍ഭിണിയായ ഭാര്യയെയും രണ്ടുമക്കളും അടക്കം കുടുംബം അന്നുരാത്രി കിഴങ്ങ് കിളച്ചെടുത്ത് പുഴുങ്ങിയാണ് കഴിച്ചത്. ഭാര്യയുടെ അരഞ്ഞാണം വിറ്റുകിട്ടിയ പണവുമായി സ്വര്‍ണം പുതുക്കിവെക്കാന്‍ കാട്ടിക്കുളം ഗ്രാമീണ്‍ ബാങ്കില്‍പ്പോയി. അങ്ങനെലഭിച്ച തുകയില്‍നിന്നൊരു കുടകൂടിവാങ്ങി. തിരിച്ചിറങ്ങിയപ്പോള്‍ കുട കാണാനില്ല.

അന്നാണ് മാത്യു ആ ചരിത്ര തീരുമാനമെടുക്കുന്നത്. അന്ന് സൂര്യഭഗവാനെനോക്കി ചെയ്ത സത്യമാണ് ഇനി മേലാല്‍ കുട ചൂടില്ലെന്ന്. അത് മരിക്കും വരെ അങ്ങനെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടവിരുദ്ധപ്രതിജ്ഞയില്‍ വീട്ടുവീഴ്ചയില്ലെന്ന് മാത്യു പറഞ്ഞു. ഭാര്യ എല്‍സി എലിപ്പനിബാധിച്ചു മരിച്ചു. പിന്നീട് ചെന്നലോടുള്ള ക്ലാരമ്മയെ വിവാഹംചെയ്തു. ക്ലാരമ്മയ്‌ക്കൊപ്പം തൃശ്ശിലേരി പള്ളിക്കവലയിലുള്ള വീട്ടിലാണ് ഇപ്പോള്‍ താമസം. എല്ലാദിവസവും കെ എസ് ആര്‍ ടി സി ബസില്‍ യാത്രചെയ്യണമെന്ന നിര്‍ബന്ധവും മാത്യുവിനുണ്ട്. തൃശ്ശിലേരിയില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് തുടങ്ങിയതുമുതല്‍ ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

Top