മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറനയം വെടിഞ്ഞില്ലെങ്കിൽ ജനരോഷം നിയന്ത്രണം വിടുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലപ്പുറം ജില്ലയിൽ നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണ് പിന്നാക്ക ജില്ലകളോട് സർക്കാർ ഈ വിഷയത്തിൽ പിശുക്ക് കാണിക്കുന്നത് എന്ന് ഇതുവരെ മനസിലായിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇടതുപക്ഷത്തെ ജയിപ്പിച്ചില്ലെങ്കിൽ നിങ്ങളൊക്കെ രണ്ടാം കിടപൗരൻമാരായിപ്പോവുമെന്നാണ് എൽ.ഡി.എഫ് പ്രചരിപ്പിക്കാറുള്ളത്.
എന്നിട്ടെന്താണ് വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം നൽകാതെ രണ്ടാംകിട പൗരൻമാരാക്കുന്നത്. കേരളത്തിൽ ചില ജില്ലകളിൽ ഇഷ്ടം പോലെ സീറ്റ്. പിന്നാക്ക ജില്ലയിലെ കുട്ടികളോട് എവിടെയെങ്കിലും പോയി പഠിച്ചോളാൻ പറയുന്നു. ഇതെന്ത് നീതിയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമർശനം.
നാളെ മുഖ്യമന്ത്രിയെ ഈ വിഷയത്തിൽ നേരിൽ കണ്ട് ചർച്ച നടത്തും. സർക്കാർ തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് വർധിപ്പിക്കില്ലെന്ന് പറയുന്നവരെ ഇരിക്കുന്ന സീറ്റിൽ നിന്ന് താഴെയിറക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.