പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: എസ്എഫ്ഐ സമരത്തിലേക്ക്

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: എസ്എഫ്ഐ സമരത്തിലേക്ക്

മലപ്പുറം: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എസ്എഫ്ഐ സമരത്തിലേക്ക്. എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സീറ്റ് പ്രതിസന്ധി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുമ്പോള്‍ എസ്എഫ്ഐയും സമരരംഗത്തേക്ക് ഇറങ്ങുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാവും. പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

പുതിയ ബാച്ചുകള്‍ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വലിയ ഒരു വിഭാഗം ഇപ്പോഴും പുറത്ത് നില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത്തവണയും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്നായിരുന്നു എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന്റെ പ്രതികരണം.

അതേസമയം സര്‍ക്കാര്‍ ഹൈസ്‌കൂളുകളെ ഹയര്‍സെക്കണ്ടറിയാക്കി സീറ്റ് പ്രതിസന്ധിയില്‍ പരിഹാരം കാണുമെന്ന ഉറപ്പ് വിദ്യാഭ്യാസ മന്ത്രി നല്‍കിയതായി മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു. വേണ്ടി വന്നാല്‍ മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളെ അപ്ഗ്രേഡ് ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.

Top