മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥി സംഘടനകള്‍. എസ്‌കെഎസ്എസ്എഫ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചു. ഫ്രറ്റെര്‍ണി ഇന്ന് മലപ്പുറത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും. അതേസമയം വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തില്‍ സാമുദായിക സംഘടനകളും കടുത്ത അമര്‍ഷത്തിലാണ് .
പരസ്യ പ്രതിഷേധങ്ങളിലൂടെ പ്രക്ഷോഭം ശക്തമാക്കാനാണ് മുസ്ലീം ലീഗും ഒരുങ്ങുന്നത്. ഫ്രറ്റെര്‍ണിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പൂക്കോട്ടൂരില്‍ നിന്ന് മലപ്പുറത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അധിക സീറ്റുകള്‍ക്ക് പകരം സ്ഥിര ബാച്ചുകള്‍ അധികമായി അനുവദിക്കണം എന്നാണ് ഉയരുന്ന ആവശ്യം.
മലപ്പുറം ഉള്‍പ്പടെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരം കാണുന്നതിനു പകരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രതികരണം അനുചിതമായെന്ന നിലപാടിലാണ് സാമുദായിക സംഘടനകളും. പ്രതിഷേധങ്ങളെ പരിഹസിക്കാനും വിഷയത്തെ വഴിതിരിച്ചു വിടാനും വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്നാണ് സംഘടനകളുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാന്‍ വിദ്യാര്‍ഥി സംഘടനകളും ഒരുങ്ങുന്നത്. സമസ്ത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തത്. ഈ മാസം 17ന് വൈകുന്നേരം 4 മണിക്ക് മേഖലാ തലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.