CMDRF

പ്ലസ് വൺ സീറ്റ് ക്ഷാമം; സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് ക്ഷാമം; സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ശിവൻകുട്ടി
പ്ലസ് വൺ സീറ്റ് ക്ഷാമം; സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സമരം ചെയ്യുന്നവരുമായി ചർച്ചക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശാന്തമായ അന്തരീഷത്തിൽ പോകുന്ന വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് എംഎസ്എഫിന്റേതെന്നും മന്ത്രി ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണക്കുകൾ വെച്ച് ചർച്ച ചെയ്യണമെന്നും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും ശിവൻകുട്ടി അഭ്യർത്ഥിച്ചു.

മലപ്പുറത്തെ ആകെ ഒഴിവുകൾ 21,550 ആണ്. 11,083 അൺ എയ്ഡഡ് സീറ്റുകൾ ഒഴിവുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2954 സീറ്റുകൾ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ് കൂടി കഴിയുമ്പോൾ ഇനിയും മാറ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞു. ജൂൺ 24-ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്മെന്റുകൾ കൂടിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റിൽ 2,68,192 പേർക്ക് അഡ്മിഷൻ നൽകി. സ്പോർട്ട്സ് ക്വാട്ടയിൽ 4336, കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മന്ത്രി പറയുന്ന കണക്കുകൾ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കുന്നതുവരെ സമര രംഗത്തുണ്ടാകും. മന്ത്രിയെ തെരുവിൽ ഇറക്കാനാകാത്ത വിധം പ്രതിരോധത്തിലാക്കുമെന്നും അലോഷ്യസ് പറഞ്ഞു. കഴിഞ്ഞ ദിവസം സീറ്റ് പ്രതിസന്ധിയിൽ ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ ഉൾപ്പെടെ രംഗത്തുവന്നിരുന്നു.

വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നുമായിരുന്നു എസ്എഫ്ഐ ദേശീയ പ്രസിഡന്റ്‌ വിപി സാനു പറഞ്ഞത്. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നും നേരത്തെയും മന്ത്രി ആവർത്തിച്ചിരുന്നു.

Top