ന്യൂഡൽഹി: കശ്മീരിൽ ഭീകരാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജൂണിലും യോഗം ചേർന്നിരുന്നു. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കശ്മീരിലെ ദോഡ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരുക്കേറ്റതാണ് ഒടുവിൽ നടന്ന സംഭവം.
ദോഡ ജില്ലയില്‍ തിങ്കളാഴ്ച രാത്രി സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള ഓഫീസറടക്കം നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്.