ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയ്ൻ സന്ദർശിച്ചേക്കും. റഷ്യൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് മോദി യുക്രെയ്നിലെത്തുന്നത്. ഇറ്റലിയിൽ നടന്ന ജി7 യോഗത്തിനിടെ മോദിയും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മോദി യുക്രെയ്നിലേക്ക് പോവുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്.നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോൾ അഭിനന്ദനമറിയിച്ച് സെലൻസ്കി രംഗത്തെത്തിയിരുന്നു.
അതേസമയം മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ രൂക്ഷമായി സെലൻസ്കി വിമർശിച്ചിരുന്നു. മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നുമായിരുന്നു സെലൻസ്കിയുടെ പ്രതികരണം.