ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്ച വിമാനമാർഗം കോഴിക്കോട് എത്തിയ ശേഷം, വയനാട്ടിലേക്ക് പോകുമെന്നാണു സൂചന. ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നാണു നിഗമനം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക. എസ്.പി.ജി. സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
കല്പറ്റയില് താല്‍ക്കാലിക ഹെലിപാഡ് നിര്‍മിക്കാന്‍ നിര്‍ദേശം നല്കി. സ്വാതന്ത്ര്യദിനാഘോഷത്തിനായി കെട്ടിയ പന്തല്‍ പൊളിക്കാനും നിര്‍ദേശം.
പുത്തുമലയില്‍ ഇന്ന് രണ്ട് മൃതദേഹങ്ങളും നാല് ശരീരഭാഗങ്ങളും സംസ്കരിച്ചു. ഇതുവരെ 41 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളുമാണ് സംസ്കരിച്ചത്. മുണ്ടക്കൈ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താൻ സൺറൈസ് വാലിയിൽ നടത്തിയ പരിശോധന പൂര്‍ത്തിയാക്കി ദൗത്യസംഘം മടങ്ങിയെത്തി. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ദുരന്തത്തിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് തുടങ്ങി. പ്രദേശവാസികളെയും വീട്ടുകാരെയും ഒപ്പം കൂട്ടിയാണ് ഉദ്യോഗസ്ഥരുടെ ദൗത്യം. ചെളിയടിഞ്ഞ വീട്ടിൽ നിന്ന് ദുരന്തത്തിന്റെ ഒൻപതാം നാളിലും രേഖകൾ വീണ്ടെടുക്കാനായി.
ദുരന്തത്തിൽ കാണാതായവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 138 പേരുടെ പേരും വിലാസവും ചിത്രവും ഉൾപ്പെടുന്ന പട്ടികയാണ് രാവിലെയോടെ പുറത്തിറക്കിയത്. ഒഡിഷയിൽ നിന്നുള്ള ഡോക്ടർ സ്വാധീൻ പാണ്ഡയും പട്ടികയിലുണ്ട്. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലെ ബന്ധുകളിൽ നിന്നും ആശാ വർക്കർമാരിൽ നിന്നും പഞ്ചായത്തംഗങ്ങളിൽ നിന്നും വിവരം ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയത്. സംസ്കരിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരവും ഡിഎൻഎ ഫലവും ലഭ്യമാകുമ്പോൾ പട്ടികയിലെ എണ്ണത്തിൽ മാറ്റമുണ്ടാകും. തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും കഴിഞ്ഞ ദിവസത്തോടെ സംസ്കരിച്ചിരുന്നു.