വാരാണസി: വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. 2014ലാണ് മോദി ആദ്യമായി വാരാണസിയില്‍ നിന്ന് ജനവിധി തേടിയത്. അന്ന് വാരാണസിക്കൊപ്പം വഡോദരയില്‍നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. 2019ല്‍ 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാരാണസിയില്‍നിന്നും വിജയിച്ചത്.
ഇത്തവണ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയാണ് മോദിയുടെ എതിരാളി. അവസാന ഘട്ട വോട്ടെടുപ്പ് ദിനമായ ജൂണ്‍ ഒന്നിനാണ് വാരാണസിയില്‍ പോളിങ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദിയുടെ അഞ്ചു കിലോമീറ്ററോളം നീണ്ട റോഡ്‌ഷോ ഉണ്ടായിരുന്നു. അലങ്കരിച്ച വാഹനത്തില്‍ മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്രസിങ്ങുമുണ്ടായിരുന്നു. കൈവീശിയും വിജയചിഹ്നം കാണിച്ചും ചിലയിടത്ത് കൈകള്‍ കൂപ്പി അനുഗ്രഹം തേടിയുമായിരുന്നു മോദിയുടെ റോഡ്‌ഷോ. 200 ലേറെ അമ്പലങ്ങള്‍ക്കും 60 ആശ്രമങ്ങള്‍ക്കു മുന്നിലൂടെ നീങ്ങിയ റോഡ് ഷോ കാശി വിശ്വനാഥക്ഷേത്രത്തിനു മുന്നിലാണ് അവസാനിച്ചത്.