ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ, ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റികൾ ക്ലാസുകൾ ഓൺലൈൻ വഴിയാക്കി. വിഷവായുവിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് ഈ തീരുമാനം.
നിലവിൽ എയർ ക്വാളിറ്റി ഇൻഡക്സ് അത്യന്തം ആശങ്കപ്പെടേണ്ട നിലയിലെത്തിയതിനാൽ എല്ലാ ക്ലാസുകളും നവംബർ 23 വരെ ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചു എന്ന് കാണിച്ച് ജാമിഅ അധികൃതർ വിജ്ഞാപനം പുറത്തിറക്കി. രജിസ്ട്രാർ പ്രഫ. മുഹമ്മദ് മഫ്തബ് ആലം റിസ്‍വി വിജ്ഞാപനത്തിൽ ഒപ്പുവെച്ചു. നവംബർ 25മുതൽ സാധാരണ പോലെ ക്ലാസുകൾ നടക്കുമെന്നും എല്ലാവരും കോളേജിലെത്തണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഇത്തരത്തിൽ പഠനം ഓൺലൈൻ വഴിയാക്കിയിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
Also Read : ബാങ്ക് ഓഫ് ബറോഡയില്‍ ഒഴിവുകൾ
ജെ.എൻ.യു അധികൃതരുടെ തീരുമാനം നവംബർ 22 വരെ പഠനം ഓൺലൈൻ വഴിയാക്കാനാണ്. ഡൽഹിയിലെ വായുമലിനീകരണം അപകടകരമായ രീതിയിലേക്ക് വർധിച്ചതിനാൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് പഠനം നവംബർ 22 വരെ ഓൺലൈൻ ആക്കാൻ തീരുമാനിച്ചുവെന്നാണ് നൽകുന്ന അറിയിപ്പ്.
Also Read : ഫീസ് വർധിപ്പിച്ചത് സർക്കാർ അറിയാതെ -മന്ത്രി ആർ. ബിന്ദു
വിഷവായു കാരണം ഡൽഹിയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനകം തന്നെ പഠനം ഓൺലൈൻ മുഖേനയാക്കിയിരുന്നു. ഏതാനും ദിവസങ്ങളായി ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് ‘സിവിയർ പ്ലസ്’ (അതിഗുരുതരം) വിഭാഗത്തിലാണ് നിലനിൽക്കുന്നത്.