തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തിനു തന്നെ ഭീഷണിയായ ഗുണ്ടകളെ ഒടുവില്‍ പൊലീസ് തന്നെ ‘വേട്ടയാടി വിളയാടി’ തുടങ്ങിയതോടെ, കൂട്ടത്തോടെയാണ് ഗുണ്ടകള്‍ അകത്തായിരിക്കുന്നത്.
കഴിഞ്ഞ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടന്ന മിന്നല്‍ റെയ്ഡില്‍ 5,000 ക്രിമിനലുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ഇത്രയും പേര്‍ അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടാ വേട്ട ഈ മാസം 25 വരെ തുടരാനാണ് പൊലീസിന്റെ തീരുമാനം. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത് സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊലപാതക കേസില്‍പെട്ട് ജാമ്യത്തില്‍ ഇറങ്ങിയവര്‍ വീണ്ടും കൊല നടത്തുന്ന സാഹചര്യത്തെയും അതീവ ഗൗരവമായാണ് അധികൃതര്‍ കണ്ടിരിക്കുന്നത്. ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ അടിച്ചമര്‍ത്താന്‍ തന്നെയാണ് എസ്.എച്ച്.ഒ മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പൊലീസ് നടപടി കടുപ്പിച്ചതോടെ പല ഗുണ്ടകളും ഇതിനകം തന്നെ കേരളം വിട്ടതായും സൂചനയുണ്ട്. ഇവരെ പിടികൂടാന്‍ പ്രത്യേക പൊലീസ് സ്‌ക്വാഡും പിന്നാലെ തിരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബും സംസ്ഥാന ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമും പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയായ ഓപ്പറേഷന്‍ ആഗ്, ലഹരിമാഫിയകള്‍ക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന നടന്നിരിക്കുന്നത്. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ മേല്‍നോട്ടവും പൊലീസ് ഓപ്പറേഷന് ഉണ്ടായിരുന്നു.
ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, വാറന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസിന്റെ സംയുക്ത ഓപ്പറേഷനില്‍ അറസ്റ്റിലായിരിക്കുന്നത്. ഇതിനു പുറമെ അനവധി പേരെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുമുണ്ട്. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്ടിക്കാനായാണ് വിരലടയാള വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഗുണ്ടാവേട്ട തുടരുന്നതിന്റെ ഭാഗമായി അതത് ദിവസങ്ങളിലെ നടപടികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍മാരുടെയും റൂറല്‍ എസ്.പിമാരുടെയും നേതൃത്വത്തിലും വിലയിരുത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരത്തിലെ ഗുണ്ടാ അക്രമങ്ങള്‍ അമര്‍ച്ചചെയ്യുന്നതിന് കൂടുതല്‍ ജാഗ്രതപാലിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നത് തടയുന്നത് സംബന്ധിച്ച് സൈബര്‍വിഭാഗം മേധാവി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് ജില്ലാ പോലീസ് മേധാവിമാരുമായി ചര്‍ച്ചനടത്തി. സൈബര്‍കേസുകളില്‍ നഷ്ടപ്പെട്ട പണം തിരികെലഭിക്കാന്‍ നടപടി വേഗത്തിലാക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ബോധവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കാനും നിര്‍ദേശംനല്‍കിയിട്ടുണ്ട്.