ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
ഷിബിന്‍ വധക്കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്കായാണ് നോട്ടീസ് പുറത്തിറക്കിയത്. വിചാരണ കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം 15ന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതികളിൽ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. തെയ്യമ്പാടി ഇസ്മയില്‍ (36), തെയ്യമ്പാടി മുനീര്‍, വാറങ്കിത്താഴത്ത് സിദ്ദിഖ് (38), വാറങ്കിത്താഴത്ത് മുഹമ്മദ് അനീസ് (27), കലമുളത്തില്‍ കുന്നിവീട്ടില്‍ ഷുഹൈബ് (28), കൊച്ചന്റവിട ജാസിം (28), കടയം കോട്ടുമ്മേല്‍ അബ്ദുള്‍ സമദ് (32) എന്നിവര്‍ക്കായാണ് നോട്ടീസ് നല്‍കിയത്.

Also Read: മുൻകൂർ ശമ്പളം നൽകി; സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം

2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. 19 കാരന്‍ ഷിബിനെ വെള്ളൂരിലെ റോഡരികില്‍ വെച്ച് നിഷ്ടൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. കേസില്‍ പ്രതികളായവരെ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലയെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

Top