ലക്നൌ: ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കാനും സിനിമ കാണാനുമാണ് ഇയാൾ പൊലീസ് വേഷം ഉപയോഗിച്ചിരുന്നത്. ലക്നൌവ്വിലാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തി ടിക്കറ്റ് എടുക്കാതെ സിനിമ കാണുകയും പണം നൽകാതെ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന പൊലീസുകാരനെതിരെ പരാതി ഉയർന്നതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ബാഹ്റൈച്ച് സ്വദേശിയായ റോമിൽ സിംഗാണ് അറസ്റ്റിലായത്.
Also read: ജയിലിൽ വെച്ചുണ്ടായ സൗഹൃദം, പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് കച്ചവടം; 3.5 കിലോ കഞ്ചാവുമായി പിടിയിൽ
ബാഹ്റൈച്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും ബാരാബങ്കിയിൽ ഡ്യൂട്ടിയിലാണെന്നുമാണ് ഇയാൾ നാട്ടുകാരോട് വിശദമാക്കിയിരുന്നത്. തിരക്കാനെത്തിയ പൊലീസുകാരോടും ഇത് തന്നെയാണ് ഇയാൾ വിശദമാക്കിയത്. പിന്നാലെ പൊലീസ് ഡാറ്റാ ബേസ് പരിശോധിച്ചതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. ഇതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് അടക്കം പൊലീസ് പിടികൂടി. ഇയാൾക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിൽ പങ്കു പറ്റിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നുണ്ട്.