ടിപി വധക്കേസ് പ്രതിക്ക് ശിക്ഷയിളവ് നൽകാൻ കെകെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

ടിപി വധക്കേസ് പ്രതിക്ക് ശിക്ഷയിളവ് നൽകാൻ  കെകെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ടിപി വധക്കേസ് പ്രതിക്ക് ശിക്ഷയിളവ് നൽകാൻ  കെകെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കണ്ണൂര്‍: ഹൈക്കോടതി വിധിക്ക് വിരുദ്ധമായി ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പാളിയതിന് പിന്നാലെ കെകെ രമ എംഎല്‍എയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കൊളവല്ലൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ട്രൗസര്‍ മനോജിന് ശിക്ഷയിളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൊളവല്ലൂര്‍ എഎസ്‌ഐ കെകെ രമയുടെ മൊഴിയെടുത്തത്.

ടിപി കേസ് പ്രതികള്‍ക്ക് 20 വര്‍ഷം വരെ ശിക്ഷയിളവ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണന്‍ സിജിത്, മുഹമ്മദ് ഷാഫി എന്നിവര്‍ക്കാണ് ശിക്ഷയിളവ് നല്‍കാനുള്ള നീക്കം നടന്നത്. നീക്കം പാളിയതോടെ ജയില്‍ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് തിരക്കിട്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നിയമസഭയില്‍ ചര്‍ച്ചക്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സസ്‌പെന്‍ഷന്‍ വിവരം പുറത്തുവിട്ടത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ശിക്ഷയിളവ് പട്ടിക തയാറാക്കി നല്‍കിയതെന്ന കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം സര്‍ക്കാര്‍ വാദത്തെ സംശയത്തിലാക്കിയിരുന്നു. വിഷയം നിയമസഭയില്‍ ചര്‍ച്ചയായ ശേഷമാണ് ശിക്ഷയിളവ് നല്‍കുന്നതില്‍ അഭിപ്രായം തേടി പൊലീസ് മൂന്നു തവണ ടി.പിയുടെ വിധവ കെകെ രമയെ സമീപിച്ചത്. ഏറ്റവുമൊടുവില്‍ ജൂണ്‍ 26ന് രാത്രിയും കൊളവല്ലൂര്‍ പൊലീസില്‍ നിന്ന് രമയെ ഫോണില്‍ വിളിച്ച് അഭിപ്രായം തേടി. ശിക്ഷയിളവ് നീക്കം സര്‍ക്കാര്‍ നിഷേധിക്കുമ്പോഴും അതിനുള്ള പ്രാഥമിക നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് മറികടന്നുള്ള ശിക്ഷയിളവ് നീക്കത്തില്‍ കോടതിയലക്ഷ്യ കേസ് വരാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നടപടി. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ലെന്നാണ് പിന്നീട് വിശദീകരിച്ചത്. മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് ആയുധമാക്കിയാണ് നിയമസഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചത്. അനധികൃത പരോള്‍, നിയമസഹായം, ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ ജയിലിലെ ചട്ടലംഘനങ്ങള്‍ തുടങ്ങി പലപ്പോഴായി ടിപി കേസ് പ്രതികള്‍ക്കൊപ്പം നിന്ന് കൈ പൊള്ളിയ അനുഭവമുണ്ട് സിപിഎമ്മിനും സര്‍ക്കാരിനും.

Top