രാജംപേട്ടിലെ വൈഎസ്ആര്‍ എംപി മിഥുന്‍ റെഡ്ഡിയെ വീട്ടുതടങ്കലിലാക്കി പൊലീസ്

രാജംപേട്ടിലെ വൈഎസ്ആര്‍ എംപി മിഥുന്‍ റെഡ്ഡിയെ വീട്ടുതടങ്കലിലാക്കി പൊലീസ്
രാജംപേട്ടിലെ വൈഎസ്ആര്‍ എംപി മിഥുന്‍ റെഡ്ഡിയെ വീട്ടുതടങ്കലിലാക്കി പൊലീസ്

തിരുപ്പതി: തെരഞ്ഞെടുപ്പ് ഫലം പുരത്തുവന്നതിനു ശേഷം രാജംപേട്ടിൽ രൂപം കൊണ്ട സംഘര്‍ഷാവസ്ഥ തുടരുന്നു. രാജംപേട്ടില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി പി മിഥുന്‍ റെഡ്ഡിയെ പൊലീസ് വീട്ടുതടങ്കലിലാക്കി. ഞായറാഴ്ച ഇദ്ദേഹം ചിറ്റൂര്‍ ജില്ലയിലെ പുംഗനൂരിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. സമാധാന പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കയുള്ളതിനാല്‍ മിഥുന്‍ റെഡ്ഡിയുടെ നഗര സന്ദര്‍ശനത്തിന് പൊലീസ് അനുമതി നല്‍കിയില്ല. എംപിയുടെ വീട്ടിലെത്തിയ ശേഷമാണ് ഏതാനും പൊലീസുകാര്‍ അദ്ദേഹത്തിന് സന്ദര്‍ശനത്തിന് അനുമതിയില്ലെന്ന് അറിയിച്ചത്.

വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നത് തടയാന്‍ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വന്‍തോതില്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

മുന്‍ മന്ത്രി പി. രാമചന്ദ്ര റെഡ്ഡിയുടെ നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനമായ പുംഗനൂര്‍ സന്ദര്‍ശിക്കുന്നത് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) പ്രവര്‍ത്തകര്‍ അടുത്തിടെ തടഞ്ഞിരുന്നു. പുംഗനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വൈഎസ്ആര്‍സിപി എംഎല്‍എയും മിഥുന്‍ റെഡ്ഡിയുടെ പിതാവുമാണ് രാമചന്ദ്ര റെഡ്ഡി.

ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതലാണ് ഈ മണ്ഡലത്തില്‍ സംഘര്‍ഷം തുടങ്ങിയത്. രാമചന്ദ്ര റെഡ്ഡി തുടര്‍ച്ചയായി നാലാം തവണയും പുംഗനൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. രാമചന്ദ്ര റെഡ്ഡിയോട് പരാജയപ്പെട്ട ടിഡിപിയുടെ ചള്ള രാമചന്ദ്ര റെഡ്ഡി, മുന്‍ മന്ത്രിയെ മണ്ഡലം സന്ദര്‍ശിക്കുന്നത് തടഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിച്ചു. മണ്ഡലത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ടിഡിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായി വൈഎസ്ആര്‍സിപി ആരോപിച്ചു.

അക്രമത്തിന് വിധേയരായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനായി പുംഗനൂരിലേക്ക് പോകുന്നതിനിടെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് മിഥുന്‍ റെഡ്ഡി പ്രതികരിച്ചു. പുംഗനൂരില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തതായും വൈഎസ്ആര്‍സിപി ആരോപിച്ചു. മന്ത്രിയായിരിക്കെ തനിക്ക് നല്‍കിയ 5+5 സുരക്ഷ തുടരാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്ര റെഡ്ഡി കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്ക് 4+4 സുരക്ഷ തുടരണമെന്ന് ആവശ്യപ്പെട്ട് മിഥുന്‍ റെഡ്ഡിയും ഹര്‍ജി നല്‍കി. രണ്ട് ഹര്‍ജികളിലും കൗണ്ടര്‍ ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

Top