ബംഗ്ലൂരു: തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കര്‍ണാടകയില്‍ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര എന്നിവര്‍ക്കെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ മൂന്ന് നേതാക്കള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
ബെംഗ്‌ളുരു ആര്‍ആര്‍ നഗറില്‍ സഹോദരന്‍ ഡി കെ സുരേഷിന് വോട്ട് ചെയ്താല്‍ വെള്ളവും താമസ സര്‍ട്ടിഫിക്കറ്റും തരാമെന്ന് പ്രചാരണ വേളയില്‍ നടത്തിയ പ്രസംഗമാണ് ഡികെ ശിവകുമാറിനെതിരായ കേസ്. ഗ്യാരന്റികളില്‍പ്പെട്ട് കര്‍ണാടകയിലെ സ്ത്രീകള്‍ വഴി തെറ്റിയെന്ന പ്രസ്താവനയ്ക്കാണ് കുമാരസ്വാമിക്കെതിരെ കേസ്. കോണ്‍ഗ്രസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ‘എക്‌സി’ല്‍ നടത്തിയതിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്രയ്ക്ക് എതിരെ കേസെടുത്തത്.