മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ മലപ്പുറം എസ്പിയുടെ ഒദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞ് പൊലീസ്. പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയിലേക്ക് കടത്തിവിട്ടില്ല. എസ്പിയുടെ വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് അൻവർ എംഎൽഎ എത്തിയത്. അനുവാദം ഇല്ലാതെ കടത്തി വിടാൻ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎൽഎ മടങ്ങി.
വിശദാംശങ്ങൾ ചുവടെ:
പൊതുവേദിയിൽ പി വി അൻവർ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവർ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തിൽ പറയുന്നത്. പി വി അൻവർ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിൽ ആവശ്യപ്പെട്ടത്.
Also read: മലപ്പുറം എസ്പിയെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍എ
ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎൽഎയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടായിരുന്നു എംഎൽഎയുടെ പരിഹാസം. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം മാപ്പുണ്ട്, നിലമ്പൂരിന്റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്.’-എന്നാണ് പിവി അൻവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.