CMDRF

ഇ-സിം തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്

കസ്റ്റമർ കെയർ സെൻ്ററിൽ നിന്നാണെന്ന വ്യാജേന ബന്ധപ്പെടുകയും തുടർന്ന് നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ ഇവർ നിർദ്ദേശിക്കുകയും ചെയ്യുന്നു.

ഇ-സിം തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്
ഇ-സിം തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഇ-സിമ്മിലേയ്ക്ക് മാറുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം സജീവമാണെന്നും ഇവർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും പോലീസ്. മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ബന്ധപ്പെടുക. തുടർന്ന് അവരുടെ വാട്സ്ആപ്പ് ഉപയോ​ഗിച്ച് ക്യു ആ‍ർ കോഡ് കൈക്കലാക്കുകയാണ് തട്ടിപ്പ് സംഘത്തിന്റെ രീതിയെന്നും പോലീസ് വ്യക്തമാക്കി.

കസ്റ്റമർ കെയർ സെൻ്ററിൽ നിന്നാണെന്ന വ്യാജേന ബന്ധപ്പെടുകയും തുടർന്ന് നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ ഇവർ നിർദ്ദേശിക്കുകയും ചെയ്യുന്നു. മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നൽകാനും അവർ നിർദ്ദേശിക്കുന്നു.

ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ തന്നെ നിങ്ങളുടെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിൻ്റെ പൂർണ്ണ നിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു.

കസ്റ്റമർ കെയർ സെന്ററുകളിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗമെന്ന് പോലീസ് വ്യക്തമാക്കി. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

സേവനദാതാക്കൾ നൽകുന്ന ക്യു ആർ കോഡ്, ഓ ടി പി, പാസ്‌വേ‍ഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ” എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Top