ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ ഡി–ചൗക്കിൽ പാർട്ടി അനുയായികൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെതിരെ പുതിയ കേസ്. കൊലപാതകശ്രമത്തിനുള്ളതു കൂടാതെ ഭീകരവിരുദ്ധ വകുപ്പുകളും ചുമത്തിയുള്ള കേസിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരും പ്രതിയാണ്. അതേസമയം ഒരു വർഷത്തിലേറെയായി ഇമ്രാൻ അഡിയാല ജയിലിലാണ്.
Also Read: പിറന്നാൾ ദിനത്തിൽ അനുയായികളുടെ മാർച്ച്; ഏറ്റുമുട്ടലിൽ 80 പൊലീസുകാർക്ക് പരുക്ക്
വെള്ളിയാഴ്ച നടത്തിയ റാലി തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുമായി പിടിഐ പ്രവർത്തകർ ഏറ്റുമുട്ടിയപ്പോഴാണ് കോൺസ്റ്റബിൾ അബ്ദുൽ ഹമീദ് കൊല്ലപ്പെട്ടത്. അതേസമയം വെള്ളിയാഴ്ച ഇതേ പ്രകടനത്തിൽ പങ്കെടുത്ത ഇമ്രാന്റെ 2 സഹോദരിമാരും പൊലീസ് കസ്റ്റഡിയിലാണ്.