25 വര്‍ഷത്തിനിടെ ആദ്യമായാണ് ഗാസയില്‍ പോളിയോ സ്ഥിരീകരിക്കുന്നത്. പ്രധാന ആക്രമണകേന്ദ്രമായ ദെയ്ര്‍ അല്‍ ബലായില്‍ 10 മാസം പ്രായമുള്ള കുഞ്ഞിന് ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഇടതുകാല്‍ തളര്‍ന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇസ്രയേല്‍- ഹമാസ് യുദ്ധം തകര്‍ത്ത ഗാസയില്‍ പോളിയോയും പോഷകാഹാരക്കുറവും മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതായി യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാക്സിനേഷന്‍ നടപടികള്‍ക്ക് മുന്നില്‍ പലസ്തീന്‍, ഇസ്രയേല്‍ എന്ന വ്യത്യാസമില്ല. ഗാസയിലേക്ക് വാക്സിനുകള്‍ എത്തിച്ചാല്‍ മാത്രം പോരാ, അത് സൂക്ഷിക്കാനായി തണുപ്പുള്ള ക്രമീകരണങ്ങള്‍ സംഘടിപ്പിക്കണമെന്നും അനര്‍വ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. മൊബൈല്‍ ക്ലിനിക്കുകളും ടീമുകളും വഴി തങ്ങള്‍ വാക്സിനുകള്‍ എത്തിക്കുമെന്നും നിലവില്‍ ഗാസയിലെ 80 ശതമാനം കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായ വാക്സിനുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഫിലിപ്പ് ലസ്സാറിനി വ്യക്തമാക്കി.
വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗാസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ പ്രത്യാഘാതങ്ങളുണ്ടെങ്കിലും ഗാസയിലെ പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ യു.എന്‍ തയ്യാറാണെന്ന് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് അറിയിച്ചിരുന്നു.
Also Read: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ വ്യോമാക്രമണം
അതേസമയം ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് യു.എന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഗാസ ആരോഗ്യമന്ത്രാലയമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ 6,40,000 കുട്ടികളാണ് ഗാസയില്‍ പോളിയോ വാക്‌സിന്‍ എടുക്കാനായി ബാക്കിയുള്ളത്.
കഴിഞ്ഞ ജൂലൈയില്‍ ഖാന്‍ യൂനുസിന്റെ തെക്ക് ഭാഗത്തും ഡീര്‍ അല്‍ ബലായില്‍ നിന്നും ശേഖരിച്ച അഴുക്കുജലത്തില്‍ രണ്ട് തരത്തിലുള്ള പോളിയോ വൈറസ് വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് അവസാനവാരത്തില്‍ 1.6 മില്യണ്‍ പോളിയോ വാക്‌സിനുകള്‍ ഗാസയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. മരുന്നുകള്‍, ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്, മലിനജലം, സംസ്‌കരിക്കാത്ത മൃതദേഹങ്ങള്‍ എന്നിവയെല്ലാം രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതോടെ ഗാസയിലെ 70 ശതമാനം ഓവുചാലുകളും തകര്‍ന്ന നിലയിലാണ്. ശുദ്ധീകരണ പ്ലാന്റുകള്‍ ഒന്നുപോലും നിലവില്‍ പ്രവര്‍ത്തിക്കുന്നുമില്ല.
Also Read: അധിനിവേശ വെസ്റ്റ് ബാങ്കില്‍ കര-വ്യോമാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു
മരണം മണക്കുന്ന ഗാസ
സൈന്യം ഒഴിഞ്ഞ ഖാന്‍ യൂനിസിലേക്കു പലസ്തീന്‍കാര്‍ മടങ്ങിയെത്താന്‍ തുടങ്ങിയതോടെ റഫയിലെ തിരക്കിനു ചെറിയ ശമനം ഉണ്ടാകുമെന്നാണു സൂചന. നിലവില്‍ 15 ലക്ഷത്തോളം പലസ്തീന്‍കാരാണു റഫയില്‍ അഭയാര്‍ഥി കൂടാരങ്ങളില്‍ കഴിയുന്നത്. ഗാസയില്‍ ഇനി അകെ അവശേഷിക്കുന്നത് 9.5 ശതമാനം സുരക്ഷിത ഇടങ്ങള്‍ മാത്രമാണ്. ഗാസയിലെ പലസ്തീനിയന്‍ സിവില്‍ ഡിഫെന്‍സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. 2023 ഒക്ടോബര്‍ ഒമ്പതിന് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ലക്ഷക്കണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് മാനുഷിക മേഖലകള്‍ തേടി പലായനം ചെയ്തിട്ടുണ്ട്. ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര കോടതിയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും മുന്നറിയിപ്പ് ഉണ്ടായിട്ടും ഇസ്രയേല്‍ ഗാസയിലെ സൈനിക നടപടി തുടരുകയാണ്. ഈ സാഹചര്യം മാനുഷിക മേഖലകളുടെ വ്യാപ്തിയില്‍ ഗണ്യമായ കുറവുണ്ടാക്കുകയാണ്.
സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്, ഗാസയുടെ മൊത്തം വിസ്തൃതിയുടെ 63 ശതമാനവും മാനുഷിക മേഖലകളായിരുന്നു. 230 ചതുരശ്ര കിലോമീറ്ററിലും 120 ചതുരശ്ര കിലോമീറ്ററിലുമായി വ്യാപിച്ചുകിടക്കുന്ന കാര്‍ഷിക ഭൂമിയും വാണിജ്യ, സാമ്പത്തിക, സേവന സൗകര്യങ്ങളും ഉള്‍പ്പെടെയാണ് ഈ പ്രദേശം ഉള്‍ക്കൊണ്ടിരുന്നത്. ഇസ്രയേലി സൈന്യം ഖാന്‍ യൂനുസില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് പ്രദേശത്തെ മാനുഷിക മേഖല 140 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇത് ഗാസയുടെ മൊത്തം വിസ്തൃതിയുടെ 38.3 ശതമാനമാണ്. കാര്‍ഷിക-വാണിജ്യ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2023 ഡിസംബറിലാണ് ഖാന്‍ യൂനുസിലേക്ക് ഇസ്രയേല്‍ നുഴഞ്ഞുകയറ്റം ആരംഭിച്ചത്. സുരക്ഷിതമായ ഇടമെന്ന് ഇസ്രയേലി ഭരണകൂടം പ്രഖ്യാപിച്ച ഗാസയിലെ അതിര്‍ത്തി നഗരമായിരുന്നു റഫ. എന്നാല്‍ റഫയില്‍ നടത്തിയ നുഴഞ്ഞുകയറ്റത്തില്‍ ഗാസയുടെ മൊത്തം വിസ്തൃതിയുടെ 20 ശതമാനമാണ് വാസയോഗ്യമല്ലാതായത്.
Also Read: ഗാസയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഈ മാസം മാത്രം ഉത്തരവിട്ടത് 16 തവണ
റഫയിലെ 79 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വാസയോഗ്യമായ മേഖലയാണ് 2024 മെയില്‍ ഇസ്രയേലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അധിനിവേശത്തില്‍ ഇല്ലാതായത്. ജൂണ്‍ പകുതിയോടെ സുരക്ഷിതമായ മേഖലയുടെ വ്യാപ്തി 60 ചതുരശ്ര കിലോമീറ്ററായി (23 ചതുരശ്ര മൈല്‍) ചുരുങ്ങി. ഇത് ഗാസയുടെ മൊത്തം വിസ്തൃതിയുടെ 16.4 ശതമാനം മാത്രമാണ്. ജൂലൈ പകുതിയോടെ ഇത് 48 ചതുരശ്ര കിലോമീറ്ററായി (18.5 ചതുരശ്ര മൈല്‍) കുറയുകയും ചെയ്തു.
ഇത് ഗാസയിലെ സുരക്ഷിത മേഖലയുടെ മൊത്തം വിസ്തൃതിയെ 13.15 ശതമാനത്തിലേക്ക് കുറച്ചു. ഓഗസ്റ്റ് പകുതിയോടെ ഗാസയിലെ മാനുഷിക മേഖല വെറും 35 ചതുരശ്ര കിലോമീറ്ററായി (13.5 ചതുരശ്ര മൈല്‍) ചുരുങ്ങി. അതായത് ഗാസയുടെ മൊത്തം വിസ്തൃതിയുടെ 9.5 ശതമാനത്തിലേക്കാണ് സുരക്ഷിത മേഖല ചുരുങ്ങിയത്. ഗാസയിലെ സുരക്ഷിതമായ പ്രദേശങ്ങളില്‍ ഗണ്യമായുണ്ടാകുന്ന കുറവ്, പലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും.
Also Read: വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം
നിലവില്‍ ഇസ്രയേലില്‍ ഗാസയില്‍ നിന്ന് സംഘര്‍ഷത്തിന്റെ വ്യാപ്തി അതിര്‍ത്തി രാജ്യങ്ങളിലേക്ക് കൂടി നീട്ടുകയാണ്. ഇത് പലസ്തീന്‍ ജനതയ്ക്കും പശ്ചിമേഷ്യയിലെ സമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണ്. രോഗം പടരുന്നതു തടയാന്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്നതിന് 7 ദിവസം വെടിനിര്‍ത്തലിന് ഹമാസിനോടും ഇസ്രയേലിനോടും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. വെടിനിര്‍ത്തല്‍ ഇല്ലാതെ ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി 7 ദിവസം പോളിയോ വാക്‌സിന്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ശ്രമിക്കുന്നുണ്ട്. ഗാസയില്‍ നല്‍കുന്നതിനായി 43,000 വയ്ല്‍ ഡബിള്‍ ഡോസ് പോളിയോ വാക്‌സിന്‍ ശേഖരിച്ചതായി ഇസ്രയേല്‍ സേനയുടെ സന്നദ്ധപ്രവര്‍ത്തന വിഭാഗം അറിയിച്ചു.