ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാർഖണ്ഡിൽ തന്റെയും രാഹുൽഗാന്ധിയുടെയും ഹെലികോപ്ടറുകൾ ബി.ജെ.പിയും കേന്ദ്രസർക്കാരും ഏറെ നേരം വൈകിപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ഇന്നലെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ബോധപൂർവം മണിക്കൂറുകളോളം വൈകിപ്പിച്ചത് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വിമാനത്തിൽ ഇരുന്നതിനാലാണ്. ഇന്ന് ഇപ്പോൾ ഇതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇറങ്ങുന്നതിനാൽ എന്റെ ഹെലികോപ്ടർ 20 മിനിറ്റ് വൈകി. അദ്ദേഹത്തിന്റെ വഴി വേറെയും എന്റെ വഴി വേറെയും ആയിരുന്നിട്ട് പോലും’ -പാർട്ടി സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഇർഫാൻ അൻസാരിക്ക് വേണ്ടി ശനിയാഴ്ച ജംതാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു.
Also Read : വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണി
വെള്ളിയാഴ്‌ച രണ്ട് മണിക്കൂറോളം ദിയോഘർ വിമാനത്താവളത്തിൽ കുടുങ്ങിയ നരേന്ദ്ര മോദി പ്രശ്‌നം പരിഹരിക്കുന്നതിനായി കാത്തിരിക്കുന്നതിനിടെ മേഖലയിലെ വ്യോമാതിർത്തിയിൽ ‘നോ ഫ്ലൈ സോൺ’ പ്രഖ്യാപിച്ചുവെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു. വെള്ളിയാഴ്ച എയർ ട്രാഫിക് കൺട്രോളിന്റെ അനുമതിയില്ലാത്തതിനാൽ രാഹുലിന്റെ ഹെലികോപ്ടർ രണ്ട് മണിക്കൂറോളം വൈകിയിരുന്നു. കാലതാമസം രാഷ്ട്രീയ പ്രേരിതമാണെന്നും ഗോഡ്ഡ ജില്ലയിലെ മഹാഗാമയിൽ നിന്ന് ജാർഖണ്ഡിലെ ബെർമോയിലേക്ക് കൊണ്ടുപോകാനാണ് ഹെലികോപ്ടർ എത്തിച്ചതെന്നും കോൺഗ്രസ് പറഞ്ഞു.