CMDRF

ഹരിയാനയിൽ പോളിങ് പോരാട്ടം; 4 സഖ്യങ്ങൾ, 1031 സ്ഥാനാർഥികൾ

നേർക്കുനേർ ബിജെപിയും കോൺഗ്രസും പോരാടുന്ന സംസ്ഥാനത്ത്, ജാതിസമവാക്യങ്ങൾ വോട്ടാകുമോയെന്നാണ് കാത്തിരിക്കുന്ന ഫലം.

ഹരിയാനയിൽ പോളിങ് പോരാട്ടം; 4 സഖ്യങ്ങൾ, 1031 സ്ഥാനാർഥികൾ
ഹരിയാനയിൽ പോളിങ് പോരാട്ടം; 4 സഖ്യങ്ങൾ, 1031 സ്ഥാനാർഥികൾ

ചണ്ഡിഗഢ്∙: ഹരിയാനയിലെ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുക 2.03 കോടി വോട്ടർമാരാണ്. അതേസമയം നേർക്കുനേർ ബിജെപിയും കോൺഗ്രസും പോരാടുന്ന സംസ്ഥാനത്ത്, ജാതിസമവാക്യങ്ങൾ വോട്ടാകുമോയെന്നാണ് കാത്തിരിക്കുന്ന ഫലം. നിലവിലെ 90 അംഗ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 40 അംഗങ്ങളും കോൺഗ്രസിന് 31 അംഗങ്ങളുമാണ് ഉള്ളത്. അതേസമയം പ്രാദേശിക പാർട്ടിയായ ജെജെപിക്ക് 10 സീറ്റുകളും ഉണ്ട്.

സംസ്ഥാനത്തു ആകെ 1031 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. വനിതകൾ ആയി ഇതിൽ ഉള്ളത് 100 പേർ മാത്രമാണ്. ആകെയുള്ള 2.03 കോടി വോട്ടർമാരിൽ 1.07 കോടി പേർ പുരുഷൻമാരും 95.77 ലക്ഷം സ്ത്രീകളും ഉണ്ട്. അതേസമയം 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76.13 ശതമാനവും, 2019 ൽ 67.92 ശതമാനവുമായിരുന്നു പോളിങ്.

Also Read: നിയമസഭാ കക്ഷി യോഗം മാറ്റി

എൻഡിഎ മുന്നണിയിൽ ഇത്തവണ ബിജെപി 89 സീറ്റുകളിലും ലോക‍്ഹിത് പാർട്ടി ഒരു സീറ്റിലും മത്സരിക്കുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് 89 സീറ്റുകളിലും സിപിഎം ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ജെജെപി നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയിൽ 66 സീറ്റുകളിലാണ് പാർട്ടി ആകെ മത്സരിക്കുന്നത്. 12 ഇടത്ത് ആസാദ് സമാജ് പാർട്ടിയും മത്സരിക്കുന്നു. ഹരിയാനയിൽ ഇതിന് പുറമെ മത്സരരംഗത്തു ഐഎൻഎൽഡി– ബിഎസ്പി സഖ്യവും എഎപിയും ഉണ്ട്.

Top