ചണ്ഡിഗഡ്: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ പഞ്ചാബില്‍ വോട്ടെടുപ്പ് ദിനത്തിലും ബിജെപിക്ക് എതിരെ നിലപാട് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. വോട്ട് ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് എതിരെ നടത്തിയ അക്രമങ്ങള്‍ ഓര്‍മയില്‍ ഉണ്ടായിരിക്കണം എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. 10 വര്‍ഷമായി നാഗ്പൂരില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ ആണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പാന്തര്‍ വ്യക്തമാക്കി.
കോര്‍പ്പറേറ്റ് വല്‍ക്കരണത്തെ തോല്‍പ്പിക്കണം. കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലൂടെ കര്‍ഷകരെ ദ്രോഹിച്ചു. സമരം ചെയ്യുന്ന കര്‍ഷകരെ ഡല്‍ഹിയിലേക്ക് പോകാന്‍ വിട്ടില്ല. യുവ കര്‍ഷകന്‍ ശുഭകരണ്‍ സിംഗിനെ സമരത്തിനിടെ വെടിവച്ചു കൊന്നെന്നും കര്‍ഷക സംഘടനകള്‍ ഓര്‍മിപ്പിച്ചു. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി തുടങ്ങിയ പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
അതിനിടെ എക്‌സിറ്റ് പോളുകള്‍ ബിജെപിയെ സഹായിക്കാനെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എക്‌സിറ്റ് പോള്‍ ചര്‍ച്ചകളോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ഏറെ ആലോചിച്ചെന്ന് എഐസിസി വ്യക്തമാക്കി. 90 സീറ്റ് എങ്കിലും കിട്ടും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 128 സീറ്റ് വരെ പ്രതീക്ഷിക്കുന്നു എന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തന്റെ താല്പര്യമെന്നും ഖാര്‍ഗെ വ്യക്തമാക്കി. വോട്ടെണ്ണല്‍ ദിനം ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം തയ്യാറാക്കുമെന്ന് ഇന്ത്യ സഖ്യം അറിയിച്ചു. ചെറിയ വ്യത്യാസമുള്ള മണ്ഡലങ്ങളില്‍ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം തയ്യാറാക്കും. ബൂത്ത് തല വോട്ടിംഗ് കണക്ക് എല്ലായിടത്തും ശേഖരിക്കുന്നത് ആലോചിക്കും. സര്‍ക്കാരിനായി സഖ്യ രൂപീകരണമൊന്നും ഇന്നത്തെ യോഗ അജണ്ടയിലില്ലെന്നും നേതൃത്വം വ്യക്തമാക്കി.