പുണെ; സിവിൽ സർവീസ് പരീക്ഷാ അപേക്ഷയിൽ തട്ടിപ്പു നടത്തിയതിനു പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‍സി. കാഴ്ചാപരിമിതിയുണ്ടെന്നു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരുമാറി രേഖപ്പെടുത്തിയതിനുമാണു നടപടി.
ഐഎഎസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് യുപിഎസ്‍സി വെള്ളിയാഴ്ച നോട്ടിസ് അയച്ചു. മറുപടി ലഭിച്ച ശേഷമായിരിക്കും തുടർ നടപടി. ഇനി യുപിഎസ്‍സി പരീക്ഷകളിൽനിന്ന് പൂജയെ വിലക്കുമെന്നും അധികൃതർ അറിയിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ പൂജയ്ക്ക് 841–ാം റാങ്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൂജയെ വാഷിമിൽനിന്ന് മുസൂറിയിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയിലേക്ക് അധികൃതർ വിളിപ്പിച്ചിരുന്നു.