CMDRF

തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; സ്ഥാനമൊഴിഞ്ഞ് രാജസ്ഥാൻ മന്ത്രി

തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; സ്ഥാനമൊഴിഞ്ഞ് രാജസ്ഥാൻ മന്ത്രി
തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; സ്ഥാനമൊഴിഞ്ഞ് രാജസ്ഥാൻ മന്ത്രി

ജയ്പൂർ: രാജസ്ഥാൻ ബിജെപി നേതാവ് കിരോഡി ലാൽ മീണ മന്ത്രിസ്ഥാനം രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൻറെ ചുമതലയിലുണ്ടായിരുന്ന മണ്ഡലങ്ങളിൽ ബി.ജെ.പി മോശം പ്രകടനം കാഴ്ച വച്ചതിനു പിന്നാലെയാണ് രാജി. ജയ്പൂരിൽ നടന്ന ഒരു പൊതുപ്രാർഥനാ യോഗത്തിനിടയിലായിരുന്നു മന്ത്രിയുടെ രാജിപ്രഖ്യാപനം. കൃഷിയും ഗ്രാമവികസനവും ഉൾപ്പെടെ ഒന്നിലധികം വകുപ്പുകൾ വഹിച്ചിട്ടുള്ള മീണ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് മുമ്പ്, കിഴക്കൻ രാജസ്ഥാനിൽ പ്രധാനമന്ത്രി നിയോഗിച്ച ഏഴ് സീറ്റുകളിൽ ഏതെങ്കിലും ഒന്ന് ബിജെപിക്ക് നഷ്ടപ്പെട്ടാൽ താൻ രാജിവെക്കുമെന്ന് പറഞ്ഞിരുന്നു.

“പ്രധാനമന്ത്രി എന്നോട് സംസാരിച്ചു ഏഴ് സീറ്റുകളുടെ ഒരു ലിസ്റ്റ് തന്നു. ഞാൻ കഠിനാധ്വാനം ചെയ്തു. ആ ഏഴിൽ ഒരു സീറ്റെങ്കിലും പാർട്ടിക്ക് നഷ്ടമായാൽ ഞാൻ മന്ത്രി സ്ഥാനം ഉപേക്ഷിക്കും” എന്നാണ് മീണ പറഞ്ഞത്. കിഴക്കൻ രാജസ്ഥാനിലെ ദൗസ, ഭരത്പൂർ, ധോൽപൂർ, കരൗലി, അൽവാർ, ടോങ്ക്-സവായ്മാധോപൂർ, കോട്ട-ബുണ്ടി തുടങ്ങിയ സീറ്റുകളിലാണ് കിരോഡി ലാൽ പ്രചാരണം നടത്തിയത്. അതേസമയം 2009ന് ശേഷം കോൺഗ്രസ് മികച്ച പ്രകടനമായിരുന്നു രാജസ്ഥാനിൽ കാഴ്ച വച്ചത്.

25 സീറ്റിൽ എട്ട് സീറ്റാണ് കോൺഗ്രസ് നേടിയത്. ബിജെപിയുടെ കുത്തക മണ്ഡലങ്ങളിൽ പോലും കോൺഗ്രസ് ആധിപത്യം പുലർത്തി. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രാജസ്ഥാനിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 2014ൽ ബിജെപി എല്ലാ സീറ്റുകളിലും വിജയിക്കുകയും ചെയ്തിരുന്നു. ”എൻറെ ദേഷ്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല, രാജി വച്ചു. അടുത്തിടെ നടന്ന മന്ത്രിസഭാ യോഗത്തിന് ഞാൻ പോയില്ല. എനിക്ക് ധാർമ്മികമായി പോകാൻ കഴിഞ്ഞില്ല.” മീണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Top