തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനസ്ഥാപിച്ചു. സബ്സിഡി അരി നിര്‍ത്തലാക്കിയതോടെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലായത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാല്‍ സബ്സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈ കോ നിര്‍ത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റി.
കിലോയ്ക്ക് 40 രൂപയ്ക്ക് മുകളില്‍ പൊതുവിപണിയില്‍ നിന്നും അരി വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോള്‍ ഹോട്ടല്‍ നടത്തിപ്പുക്കാര്‍ ആകെ പ്രതിസന്ധിയിലായി. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനിടയില്‍ അരിക്ക് കൂടി സബ്സിഡി ഇല്ലാതായതോടെ പ്രയാസത്തിലായി. ഒരു വര്‍ഷത്തേക്കാണ് സബ്സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവര്‍ധനവില്ലാതെ ഇപ്പോള്‍ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകുമെന്ന ആശ്വാസത്തിലാണ് ഹോട്ടല്‍ ജീവനക്കാര്‍.