എറണാകുളം: പോരാളി ഷാജിയെന്നത് ഒരു സിപിഎം നേതാവിൻറെ സോഷ്യൽ മീഡിയ സംവിധാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചെങ്കതിരും പൊൻകതിരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോൾ ഇവരൊക്കെ തമ്മിൽ പോരാടാൻ തുടങ്ങി. നേരത്തെ ഞങ്ങളെയൊക്കെ ഇവർ എത്ര അപമാനിച്ചതാണ്. ഇപ്പോൾ അവർ തമ്മിൽ അടിക്കുകയാണ്. അത് ഞങ്ങൾ നോക്കി നിൽക്കുകയാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു
വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകും. സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും തോൽവിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്. സർക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാർട്ടി ഗ്രാമങ്ങളിലും വോട്ടുകൾ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തിൽ യു.ഡി.എഫ് ഇത്തവണ ലീഡ് ചെയ്തു.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ബംഗാളിൽ അധികാരത്തിൻറെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിന്. സാധാരണക്കാർ കഷ്ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.