CMDRF

പോര്‍ക്ക് ചാലഞ്ച് വിമര്‍ശനം; ലീഗിനേയും ജമാഅത്ത് ഇസ്ലാമിയേയും ഉന്നമിട്ട് കെ.ടി.ജലീല്‍

പോര്‍ക്ക് ചാലഞ്ച് വിമര്‍ശനം; ലീഗിനേയും ജമാഅത്ത് ഇസ്ലാമിയേയും ഉന്നമിട്ട് കെ.ടി.ജലീല്‍
പോര്‍ക്ക് ചാലഞ്ച് വിമര്‍ശനം; ലീഗിനേയും ജമാഅത്ത് ഇസ്ലാമിയേയും ഉന്നമിട്ട് കെ.ടി.ജലീല്‍

മലപ്പുറം: ഡിവൈഎഫ്ഐയുടെ പോര്‍ക്ക് ചാലഞ്ചുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മുസ്ലി ലീഗിനേയും ജമാഅത്ത് ഇസ്ലാമിയേയും ഉന്നമിട്ട് ഇടത് എംഎല്‍എ കെ.ടി.ജലീല്‍. പോര്‍ക്ക് ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും എന്തുകൊണ്ട് പലിശ സ്ഥാപനങ്ങള്‍ കൊടുക്കുന്ന പണം ദുരിതബാധിതര്‍ക്ക് വേണ്ട എന്ന് പറയാത്തത് എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഘടനയല്ല. അതില്‍ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോര്‍ക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മില്‍ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉള്‍കൊള്ളുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനെ എതിര്‍ത്ത് ചില പോസ്റ്റുകള്‍ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളില്‍ കാണാന്‍ ഇടയായി. പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണ്. എന്നാല്‍ ക്രൈസ്തവ മതക്കാര്‍ക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാര്‍ നാട്ടിലുണ്ട്. എന്നാല്‍ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതര്‍ക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല.

പലിശ മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണ്. എന്നാല്‍ പലിശ സ്ഥാപനങ്ങള്‍ കൊടുക്കുന്ന പണം ദുരിത ബാധിതര്‍ക്ക് വേണ്ടെന്ന് ‘പന്നിയിറച്ചി വിരോധികള്‍’ പറയാത്തതെന്താണ്? പന്നിയിറച്ചി കഴിക്കുന്നതിനെക്കാള്‍ വലിയ പാപമല്ലേ പലിശ മുതല്‍ ഭക്ഷിക്കല്‍? മദ്യം മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണ്. ക്രൈസ്തവര്‍ക്കോ ഹൈന്ദവര്‍ക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വര്‍ഗ്ഗം അപ്രാപ്യമാണെന്ന് മുസ്ലിങ്ങളെപ്പോലെ അവര്‍ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് ‘പന്നിവരുദ്ധര്‍’ ഉല്‍ഘോഷിച്ചത് കണ്ടില്ല.

ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഘടനയല്ല. അതില്‍ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോര്‍ക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മില്‍ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉള്‍കൊള്ളുന്നു.

നിയമം അനുവദിക്കുന്നതിനാല്‍ ധനസമാഹരണത്തിന് ‘പോര്‍ക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും’ ഡി.വൈ.എഫ്.ഐക്ക് നടത്താന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. ലീഗും ജമാഅത്തെ ഇസ്ലാമിയും അതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐയെ താറടിക്കാന്‍ ശ്രമിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവില്‍ പോലും മതവും വര്‍ഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ‘കുലുക്കിസര്‍ബത്ത്’ ഉണ്ടാക്കി വില്‍ക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണം.
സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായി അടക്കം ഡിവൈഎഫ്‌ഐയുടെ പോര്‍ക്ക് ചാലഞ്ചിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

‘വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ ന്യായം ‘ അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല’ നാസര്‍ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.

Top