പോളണ്ടിനെ 5-1ന് തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ക്വാർട്ടറിൽ

കളിക്കളത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് പിന്നീടുള്ള ആറു ഗോളുകളും പിറന്നത്

പോളണ്ടിനെ 5-1ന് തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ക്വാർട്ടറിൽ
പോളണ്ടിനെ 5-1ന് തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ക്വാർട്ടറിൽ

ലിസ്ബൺ: ലോക ഫുട്ബോൾ പ്രേമികളുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ പോളണ്ടിനെ 5-1ന് തകർത്ത് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ‍ഫൈനലിൽ. കളിക്കളത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് പിന്നീടുള്ള ആറു ഗോളുകളും പിറന്നത്. 72, (പെനൽറ്റി), 87 മിനിറ്റുകളിലായാണ് റൊണാൾഡോ ഇരട്ടഗോൾ നേടിയത്. റാഫേൽ ലിയോ (59), ബ്രൂണോ ഫെർണാണ്ടസ് (80), പെഡ്രോ നെറ്റോ (83) എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് ഗോൾ സ്കോറർമാർ. അതേസമയം 88-ാം മിനിറ്റിൽ ഡൊമിനിക് മർസൂകാണ് പോളണ്ടിന്റെ ആശ്വാസഗോൾ നേടിയത്. ഇരട്ട ഗോളോടെ, അഞ്ച് നേഷൻസ് ലീഗ് മത്സരങ്ങളിൽനിന്ന് റോണോയുടെ സമ്പാദ്യം അഞ്ച് ഗോളുകളായി.

ക്വാർട്ടർ ഫൈനൽ നേരത്തേ തന്നെ ഉറപ്പിച്ച സ്പെയിൻ, കരുത്തരായ ഡെൻമാർക്കിനെ 2–1ന് തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. മൈക്കൽ ഒയാർസബാലും ആയോസ് പെരെസും മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് സ്പെയിൻ ഡെൻമാർക്കിനെ തകർത്തത്. 15–ാം മിനിറ്റിലാണ് ഒയാർസബാലിലൂടെ സ്പെയിൻ കളിയിൽ ലീഡെടുത്തത്. 58–ാം മിനിറ്റിൽ പെരെസ് ലീഡ് വർധിപ്പിച്ചു. 4–ാം മിനിറ്റിൽ ഡെൻമാർക്കിന്റെ ആശ്വാസഗോൾ ഗുസ്താവ് ഇസാക്സൻ നേടി.

Also Read : സഞ്ജുവിന്റെ സിക്സർ മുഖത്ത് തട്ടി; യുവതിക്ക് പരിക്ക്

സ്കോട്‌ലൻഡ് കരുത്തരായ ക്രൊയേഷ്യയെ അട്ടിമറിച്ചു. അതേസമയം ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്കോട്‌ലൻഡിന്റെ വിജയം. രണ്ടാം മഞ്ഞക്കാർഡ് കണ്ട പീറ്റർ സൂക്കിച് 43–ാം മിനിറ്റിൽ പുറത്തുപോയതാണ് സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ ക്രൊയേഷ്യക്ക് ഏറെ വിനയായത്. രണ്ടാം പകുതി പൂർണമായും 10 പേരുമായി പൊരുതിനിന്ന ക്രൊയേഷ്യയെ, 86–ാം മിനിറ്റിൽ ജോൺ മക്ഗിൻ നേടിയ ഗോളിലാണ് പിന്നീട് സ്കോട്‌ലൻഡ‍് വീഴ്ത്തിയത്.

Top