CMDRF

വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; ‘പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നു’

വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; ‘പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നു’
വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; ‘പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നു’

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റന്നാള്‍ പ്രധാനമന്ത്രി വയനാട്ടിലെത്തും. വയനാട്ടില്‍ സമഗ‌ പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

ആവശ്യങ്ങളറിയിച്ച് പ്രധാനമന്ത്രിക്ക് സംസ്ഥാനം കത്തു നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു. ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിന്‍റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്.

ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

225 മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 195 ശരീര ഭാഗങ്ങൾ കണ്ടെത്തി. കണ്ടെടുക്കുന്ന ശരീരഭാഗം 90 ശതമാനത്തിന് മുകളിലുണ്ടെങ്കിൽ മൃതദേഹമായി കണക്കാക്കും. ഒരാളുടെ ശരീരഭാഗങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ലഭിക്കാനിടയുണ്ട്. ഇതെല്ലാം ഇപ്പോൾ തിരിച്ചറിയുന്നത് പ്രയാസമാണ്. എല്ലാ ശരീരഭാഗങ്ങളുടെയും മൃതദേഹങ്ങളുടെയും ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കാണാതായ 131പേരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു. ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും 420 പോസ്റ്റുമോർട്ടം നടത്തി.

Top