തിരുവനന്തപുരം: സിപിഐ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് സാധ്യത. കെ ഇ ഇസ്മായിലിനെ ജില്ലാ കൗണ്‍സില്‍ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തു. വിമതരെ സഹായിക്കുകയും നിരന്തരം പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആവശ്യം. ജില്ലാ സമ്മേളനത്തിനു മുന്‍പും ശേഷവും ഇസ്മായിലിന്റെ നിലപാടുകള്‍ പാര്‍ട്ടിയിലെ സൗഹാര്‍ദം ഇല്ലാതാക്കിയെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം സിപിഐ സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.
നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തടി രക്ഷപ്പെടാന്‍ കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന കെ ഇ ഇസ്മായിലിന്റെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. മന്ത്രിമാരെല്ലാം പരിശുദ്ധന്മാരും നൂറ് ശതമാനം പരിപൂര്‍ണരുമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കെ ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തം ചിന്തിക്കുന്നതിനേക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: കാഫിർ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി വിഷയങ്ങളിൽ യുഡിഎഫ് പ്രതിഷേധം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ കെ ഇ ഇസ്മായില്‍ രംഗത്തെത്തിയതും വിവാദമായി. സര്‍ക്കാര്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി, എന്നാല്‍ ആരെയും സംരക്ഷിക്കാന്‍ കഴിഞ്ഞതുമില്ല, സര്‍ക്കാര്‍ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.