ആലപ്പുഴ: ആലപ്പുഴയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി. തെളിവുകള്‍ എല്ലാം ശേഖരിച്ചെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൂച്ചാക്കല്‍ സിഐ എന്‍ആര്‍ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലിസ് അറിയിച്ചു. മൃതദേഹം ആലപ്പുഴയില്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
അമ്മയുടെ ബന്ധുക്കള്‍ക്ക് പോലും ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയാമായിരുന്നില്ല. ഇന്നലെയാണ് നവജാതശിശുവിന്റെ മൃതദേഹം തകഴിയിലെ കുന്നുമ്മ പാടശേഖരത്തില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ പ്രസവിച്ച യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. കേസില്‍ പ്രതിയായ ഇവരുടെ ആണ്‍സുഹൃത്തിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തിയതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും മൃതദേഹം രഹസ്യമായി മറവു ചെയ്തതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് കൊലപാതകകമാണോ എന്നതില്‍ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരണമെന്നാണ് പൊലീസിന്റെ നിലപാട്.