മസ്‌കത്ത്: രാജ്യത്ത് ബുധനാഴ്ചയും ഉയര്‍ന്ന ചൂടിന് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയും നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. ഒമാന്‍ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബുധനാഴ്ച പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസുവരെ എത്താന്‍ സാധ്യതയുണ്ട്. അതേസമയം, അടുത്ത രണ്ട് ദിവസങ്ങളില്‍ താപനിലയില്‍ പ്രകടമായ മാറ്റം വരും. വ്യാഴാഴ്ച 38ഉം വെള്ളിയാഴ്ച 35 ഡിഗ്രി സെല്‍ഷ്യസും ആയി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഹജര്‍ മലനിരകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മരുഭൂപ്രദേശങ്ങളില്‍ രാത്രി ഉള്‍പ്പെടെ 40കളുടെ മധ്യത്തില്‍ താപനില തുടരും. അറബിക്കടലിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ താരതമ്യേന തണുപ്പായിരിക്കും. പകല്‍ സമയത്ത് 38 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 28 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.