കൊളംബോ: നാഷനൽ പീപ്പിൾസ് പവർ സഖ്യം (എൻപിപി) പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് സൂചന നൽകി പ്രാഥമിക ഫലങ്ങൾ പുറത്ത്. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന പാർട്ടിയാണ് ഇത്. വ്യാഴാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ പകുതിയിലധികം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ, എൻപിപി 63 ശതമാനം വോട്ടുകളുമായി വൻ ലീഡ് നേടിയതായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. 225 അംഗ സഭയിലെ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും എൻപിപി മുന്നിട്ടുനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം.
തന്റെ പാർട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അനുര കുമാര ദിസനായകെ അവകാശപ്പെട്ടു. ഫലങ്ങൾ പുറത്തുവരുമ്പോൾ തിരഞ്ഞെടുപ്പിൽ ദിസനയാകെയുടെ പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്ന് തന്നെയായിരുന്നു പ്രവചനങ്ങൾ. അഴിമതിക്കെതിരെ പോരാടുമെന്നും രാജ്യത്തിന്റെ മോഷ്ടിച്ച സ്വത്തുക്കൾ വീണ്ടെടുക്കുമെന്നും വാഗ്ദാനം നൽകിയാണ് അനുര കുമാര ദിസനായകെ സെപ്റ്റംബറിൽ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
Also Read : ഒബാമയുടെ വസതിയിൽ കാമുകിയുമായി വാരാന്ത്യ ആഘോഷം; സീക്രട്ട് സർവീസ് ഏജന്റിനെ പുറത്താക്കി
ദിസനായകെ സർക്കാരിന് സ്ഥിരത ഉറപ്പാക്കാൻ പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം വേണം. അതായത് 225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 2022 ലെ സാമ്പത്തികപ്രതിസന്ധിക്കു ശേഷം ശ്രീലങ്കൻ പാർലമെന്റിലേക്കു നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിസനായകെയോടു പരാജയപ്പെട്ട റനിൽ വിക്രമസിംഗെയും രാജപക്സെ സഹോദരങ്ങളും മത്സരിച്ചില്ല. 8,800 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ 1977 നു ശേഷം ഇതാദ്യമായാണു വിക്രമസിംഗെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നത്.