ധാക്ക: കുടിശ്ശിക അടയ്ക്കാന്‍ കാലതാമസം വന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കുടിശികയായതോടെയാണ് തീരുമാനം. വ്യാഴാഴ്ച മുതല്‍ അദാനി പ്ലാന്റില്‍ നിന്ന് വൈദ്യുതി എത്താതായതോടെ ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്.
രാജ്യത്ത് 1600 മെഗാവാട്ടിലധികം വൈദ്യുതിയുടെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് 1496 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുണ്ടെങ്കിലും സിംഗിള്‍ യൂണിറ്റ് വഴി 700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നാണ് വിവരം. ഒക്ടോബര്‍ 30 നകം കുടിശിക തീര്‍ക്കണമെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡിന് അദാനി കമ്പനി കത്തയച്ചിരുന്നെങ്കിലും ഇതില്‍ യാതൊരു നടപടിയും ഉണ്ടായില്ല.
ഇതോടെയാണ് വെറുതെ തരാവൈദ്യുതിയില്ലെന്ന നിലപാട് വ്യക്തമാക്കി അദാനി കമ്പനി വിതരണം വെട്ടിക്കുറച്ചത്. തരാനുള്ള 846 ദശലക്ഷം ഡോളറിന്റെ കാര്യത്തില്‍ ബംഗ്ലാദേശ് യാതൊരു നിലപാടും അറിയിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് കൃഷി ബാങ്കില്‍ നിന്ന് 170 ദശലക്ഷം ഡോളര്‍ ലഭിക്കുന്നതിന് ക്രെഡിറ്റ് ലെറ്റര്‍ നല്‍കിയില്ലെന്നും അദാനി കമ്പനിക്ക് പരാതിയുണ്ട്.
ജൂലൈ മാസം മുതല്‍ അദാനി ഗ്രൂപ്പ് വൈദ്യുതിക്ക് അധിക നിരക്കാണ് ഈടാക്കുന്നതെന്നും നേരത്തെ ആഴ്ചതോറും 18 ദശലക്ഷം നല്‍കിയ സ്ഥാനത്ത് ജൂലൈ മാസത്തോടെ ആഴ്ചയില്‍ 22 ദശലക്ഷം വീതമാണ് അദാനി ഗ്രൂപ്പ് ഈടാക്കുന്നതെന്നും ബംഗ്ലാദേശിലെ ഊര്‍ജ്ജ മന്ത്രാലയം പ്രതിനിധികളെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികാരമേറ്റെടുത്തത് മുതല്‍ ഇടക്കാല സര്‍ക്കാരിനെ വൈദ്യുതി കുടിശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ബന്ധപ്പെട്ടിരുന്നു. നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം ചുമതലയേറ്റത്.