CMDRF

വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കും; കെഎസ്‌ഇബി ചെയർമാന് നിർദേശം നൽകി മന്ത്രി

വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കും; കെഎസ്‌ഇബി ചെയർമാന് നിർദേശം നൽകി മന്ത്രി
വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കും; കെഎസ്‌ഇബി ചെയർമാന് നിർദേശം നൽകി മന്ത്രി

തിരുവനന്തപുരം: തിരുവമ്പാടി കെഎസ്‌ഇബി ഓഫീസ് ആക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ട റസാഖിന്റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ മന്ത്രിയുടെ നിർദേശം. ഉദ്യോഗസ്ഥരെ ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ഇന്നുതന്നെ വൈദ്യുതി പുനഃസ്ഥാപിക്കും. ഇക്കാര്യത്തിൽ കെഎസ്‌ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി.

ബില്ലടയ്‌ക്കാത്തതിന് വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചതിന്റെ ദേഷ്യത്തിൽ കെഎസ്‌ഇബി ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌ത അജ്‌മലിന്റെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിക്കാൻ ചെയർമാൻ ബിജുപ്രഭാകർ നിർദ്ദേശിച്ചിരുന്നു. തിരുവമ്പാടി കെഎസ്‌ഇബി സെക്‌ഷൻ ഓഫീസിലാണ് അതിക്രമം നടന്നത്. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്‌ഇബി വ്യക്തമാക്കിയിരുന്നു. തിരുവമ്പാടി ഉള്ളാട്ടിൽ ഹൗസിൽ അജ്മൽ ആണ് ആക്രമണം നടത്തിയത്.

കെഎസ്‌ഇബി കമ്പനിയാണെന്നും വൈദ്യുതി വിച്ഛേദിക്കാൻ അധികാരമുണ്ടെന്നും സംഭവത്തിൽ നേരത്തെ വൈദ്യുതി മന്ത്രി പ്രതികരിച്ചിരുന്നു. ‘ബിൽ അടയ്ക്കാതിരുന്നാൽ വൈദ്യുതി വിച്ഛേദിക്കും. അതിന്റെ പേരിൽ ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസിൽ കയറി അക്രമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് ചെയ്തത് ശരിയാണെന്നല്ലേ തോന്നുകയുള്ളൂ. എംഡി പറഞ്ഞിട്ട് കണക്ഷൻ കൊടുക്കാൻ പോയാൽ ആക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരിക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്.

യുപി മോഡൽ അല്ല, പ്രതികാരവുമല്ല. മൂന്നുപേരെ മർദ്ദിച്ചു, ഇനിയും മർദ്ദിക്കുമെന്നാണ് പറഞ്ഞത്. പണം അടച്ച് കണക്ഷൻ കിട്ടിയതിനുശേഷം എന്തിനാണ് മർദ്ദിക്കാൻ പോയത്. കണക്ഷൻ കിട്ടുന്നത് വൈകിയാൽ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? ജീവനക്കാരെ സംരക്ഷിക്കാനാണ് എംഡി അത്തരമൊരു നടപടി എടുത്തത്’- മന്ത്രി വിശദീകരിച്ചു.

Top