കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി.പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയെ തുടർന്നാണിത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്എച്ച്ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് ദിവ്യ ഹാജരായത്.
ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ലഭിച്ചത്. സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം ദിവ്യ വ്യക്തമാക്കിയിരുന്നു.
Also Read: മത്സ്യത്തൊഴിലാളി പെൻഷൻ ബെനിഫിറ്റ് സ്കീമിന് സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചു
കേസിൽ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി സംശയകരമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.