CMDRF

പി പി ദിവ്യ രാജിവെക്കണം: അഡ്വ. മാർട്ടിൻ ജോർജ്

പൊതുപ്രവർത്തകയ്ക്ക് ചേരാത്ത നടപടിയാണ് ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

പി പി ദിവ്യ രാജിവെക്കണം: അഡ്വ. മാർട്ടിൻ ജോർജ്
പി പി ദിവ്യ രാജിവെക്കണം: അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി പി ദിവ്യ രാജിവെക്കണമെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ഒരു പൊതുപ്രവർത്തകയ്ക്ക് ചേരാത്ത നടപടിയാണ് ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഒരു പൊതുപ്രവർത്തക അത് മൂടിവെക്കുകയല്ല ചെയ്യേണ്ടത്. കൃത്യമായ പരാതി ഉത്തരവാദപ്പെട്ട അധികാരികൾക്ക് നൽകണം. അല്ലാതെ തന്റെ കയ്യിൽ തെളിവുണ്ടെന്നും സർക്കാർ ജോലി ഇല്ലാതാകാൻ ഒരു നിമിഷം മതിയെന്നും പറഞ്ഞ് ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല. ക്ഷണിക്കപ്പെടാതെ ഒരു വേദിയിൽ കയറിച്ചെന്ന് ഉദ്യോഗസ്ഥനെ അവഹേളിക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്.

Also Read: മനുഷ്യനാകണം..! മനുഷ്യനാകൂ എന്ന് പാടിയാൽ പോരാ മനുഷ്യത്വം വേണം; ദിവ്യയ്ക്കെതിരെ സൈബർലോകം

ഇത്തരത്തിൽ പ്രസംഗിക്കുമെന്ന് മുൻകൂട്ടി ചില മാധ്യമങ്ങളെ അറിയിച്ച ശേഷമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് കയറിച്ചെന്നത്. ഭരണകക്ഷി നേതാവ് എന്ന ധാർഷ്ട്യത്തോടെ പെരുമാറിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആ ഉദ്യോഗസ്ഥനെ മാനസികമായി തകർത്ത് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

തന്റെ അധികാരപരിധിയിലല്ലാത്ത ഒരു വിഷയത്തിൽ അനാവശ്യമായി ഇടപെട്ട് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പി.പി.ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു തുടരാൻ അവകാശമില്ല. ദിവ്യയ്‌ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം. എഡിഎം നവീൻബാബുവിന്റെ മരണത്തിലും സമഗ്രമായ അന്വേഷണമുണ്ടാകണം , അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഡ്വ.മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.

Top