CMDRF

ഹോക്കി അസോസിയേഷനെ വിമർശിച്ച് പി ആർ ശ്രീജേഷ്

പുതിയ ഹോക്കി താരങ്ങളെ വളര്‍ത്തി എടുക്കാന്‍ അസോസിയേഷന്‍ മുന്‍കൈ എടുക്കണമെന്നും പി ആര്‍ ശ്രീജേഷ്

ഹോക്കി അസോസിയേഷനെ വിമർശിച്ച് പി ആർ ശ്രീജേഷ്
ഹോക്കി അസോസിയേഷനെ വിമർശിച്ച് പി ആർ ശ്രീജേഷ്

കൊച്ചി: സംസ്ഥാനത്തെ ഹോക്കി അസോസിയേഷന് ഏകോപനം ഇല്ലെന്ന് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. പുതിയ ഹോക്കി താരങ്ങളെ വളർത്തി എടുക്കാൻ അസോസിയേഷൻ മുൻകൈ എടുക്കണമെന്നും പി ആർ ശ്രീജേഷ് പറഞ്ഞു. ഒരുമിച്ചു നിന്നാലേ എന്തും നേടാനാകൂ. താൻ ഒറ്റയ്ക്ക് നോക്കിയാൽ പൊങ്ങില്ല. തന്റെ പേരിലുള്ള സ്റ്റേഡിയം ഇപ്പോഴും യാഥാർഥ്യം ആയില്ല. ഒരു കോടി രൂപയ്ക്ക് തീരാവുന്ന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം 30 ലക്ഷം മുടക്കിയതെന്നും പി ആർ ശ്രീജേഷ് പറഞ്ഞു.

‘2014ൽ ഏഷ്യൻ ഗെയിംസ് വിജയിച്ചപ്പോഴാണ് സ്റ്റേഡിയം പ്രഖ്യാപിക്കുന്നത്. അതിന് വേണ്ടി പഞ്ചായത്ത് സ്ഥലം നൽകുകയും ചെയ്തു. അത് നേരത്തെ ഒരു വോളിബോൾ ഗ്രൗണ്ട് ആയിരുന്നു. അതിനെ മൾട്ടിപർപ്പസ് ഗ്രൗണ്ടാക്കി മാറ്റി ഇൻഡോർ സ്റ്റേഡിയം പണിയുമെന്നായിരുന്നു കരുതിയത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് മുടങ്ങിക്കിടക്കുകയാണ്. കാടുമൂടി കിടക്കുന്നതിനാൽ അവിടെ കളിച്ചുകൊണ്ടിരിക്കുന്നവർക്ക് ഇപ്പോൾ കളിക്കാൻ കഴിയുന്നില്ല.

താൻ നാട്ടിലെത്തുമ്പോൾ റോഡിലാണ് ട്രെയിനിങ് ചെയ്യുന്നത്. ചെറിയ കുട്ടികൾക്ക് അത് പറ്റില്ല. കുട്ടികൾക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണ്. ഓരോ പഞ്ചായത്തിൽ ഒരു സ്റ്റേഡിയമെന്ന നിലയിലെങ്കിലും വേണം. ഇത് വലിയ സ്റ്റേഡിയമല്ല അത്യാവശ്യം ഒരു വോളിബോളും ബാഡ്മിന്റണും കളിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ്. അതുപോലും ഇല്ലാതെ വരുന്ന അവസ്ഥ വളരെ ദയനീയമാണെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടർ വാർത്തയെ തുടർന്ന് ഈ കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ മാധ്യമത്തിനോട് പറഞ്ഞിരുന്നു.

Top