തിരുവനന്തപുരം: കേരള ഹോക്കി അസോസിയേഷനെതിരെയല്ല സംസാരിച്ചെതെന്ന് ഹോക്കി താരം പിആർ ശ്രീജേഷ്. ഹോക്കിയെ സ്നേഹിക്കുന്നുവെന്ന് നടിച്ച് ചിലർ എതിരെ നിൽക്കുന്നുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ട്. ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് വിമർശിച്ചത്. തന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു. അസോസിയേഷനിൽ ഉള്ളവർ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ പരാമർശം. ഇത് വിവാദമായതോടെയാണ് ശ്രീജേഷ് വിശദീകരണവുമായി രംഗത്തെത്തിയത്.
നാട്ടിൽ തിരിച്ചെത്തിയ ശ്രീജേഷിന് സ്വീകരണം നൽകാൻ സർക്കാർ തിരുമാനിച്ചിരുന്നു. പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇതിനിടെയാണ് ഹോക്കി അസോസിയേഷനെ വിമർശിച്ച് ശ്രീജേഷ് രംഗത്തെത്തിയത്. തന്റെ പേരിലുള്ള സ്റ്റേഡിയം വർഷങ്ങളായി മുടങ്ങി കിടക്കുകയാണെന്ന് ശ്രീജേഷ് പറഞ്ഞു. ”കേരളത്തിൽ അസ്‌ട്രോ ടർഫ് തുടങ്ങുന്നത് അസാധ്യമായ കാര്യമാണ്. അസോസിയേഷനിൽ ഉള്ളവർ ഹോക്കിക്കായി പരിശ്രമിക്കണം. താൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ല. ശ്രീജേഷ് വരാത്തതു കൊണ്ടല്ല ഇത്രയും നാളും ഒരു അസ്‌ട്രോ ടർഫ് വരാത്തത്. അതിനുവേണ്ടി ആരും പരിശ്രമിച്ചില്ല. എപ്പോഴും കൂടെ നിൽക്കാൻ താൻ ഒരുക്കമാണ്. പക്ഷെ അത് ശ്രീജേഷിന്റെ മാത്രം ചുമതല ആണെന്ന് പറയരുതെന്നും ശ്രീജേഷ് പറഞ്ഞു.
സർക്കാർ സ്വീകരണം മുടങ്ങിയത് വിവാദമാക്കേണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഉടൻ ചടങ്ങ് നടത്തുമെന്ന് മന്ത്രി നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സർക്കാർ പാരിതോഷികമായി നൽകുന്നത്. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ശ്രീജേഷിനെ ആദരിക്കുന്ന ചടങ്ങ് വലിയ രീതിയിൽ നടത്താനാണ് സർക്കാരിന്റെ നീക്കം. വിരമിക്കൽ പ്രഖ്യാപിച്ച ഗോൾ കീപ്പർ ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവിയാണ്. ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും.