പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും പോയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. യുഎസിൽ കൽക്കിയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോവുകയും അതോടൊപ്പം വടക്കേ അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയുമാണ്.
കൽക്കി 2898 എഡി അതിൻ്റെ പ്രീമിയർ ഷോകളിൽ നിന്ന് തന്നെ 3.7 ദശലക്ഷം ഡോളറാണ് നേടിയിരിക്കുന്നത്. ഇതോടെ യുഎസ്സിലെ പ്രീമിയർ ഷോകളിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് കൽക്കി സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ രാജമൗലി ചിത്രം ആർആർആറിനായിരുന്നു ഈ റെക്കോർഡ്. 3.6 ദശലക്ഷം ഡോളറായിരുന്നു സിനിമയുടെ കളക്ഷൻ.
തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്‍തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്‌നം കൂടിയാണ്.
ചിത്രത്തിന്റെ ക്വാളിറ്റിയിലോ ഗുണ നിലവാരത്തിലോ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും നടത്താതെയാണ് സിനിമ ആളുകളിലേക് എത്തിയിട്ടുള്ളത്. ഈ സിനിമയുടെ വിജയത്തിന് ഒരുമിച്ച് നിൽക്കാം, എന്നാണ് കഴിഞ്ഞ ദിവസം നിർമ്മാതാക്കളായ വൈജയന്തി മൂവീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.