പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും
പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

ബെംഗളുരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചു. നാളെ പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തും എന്ന് റിപ്പോര്‍ട്ട്. നാളെ 10 മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും എന്നാണ് പ്രജ്വല്‍ രേവണ്ണ കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രജ്വല്‍ മ്യൂണിച്ചില്‍ നിന്നും ബെംഗളൂരുവിലേക്ക് വിമാനം കയറിയതായി റിപ്പോര്‍ട്ടുണ്ട്. 11:20 ന് പ്രജ്വല്‍ വിമാനത്തില്‍ കയറിയതായി പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രജ്വല്‍, നൂറിലധികം സ്ത്രീകളെ താന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കര്‍ണാടകയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഏപ്രിലില്‍ രാജ്യം വിട്ടിരുന്നു. ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തിലായിരുന്നു ഹാസന്‍ ലോക്സഭാ മണ്ഡലത്തില്‍ പോളിങ് നടന്നത്. ഇന്ത്യയില്‍ തിരിച്ചെത്തി അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ പ്രജ്വലിന് നേരത്തെ കത്തയച്ചിരുന്നു.

കേസില്‍ ഹാജരാകാതെ രാജ്യം വിട്ടതിന് പിന്നാലെ പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു വിദേശ കാര്യമന്ത്രാലയം. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top