CMDRF

പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ഒഴിവാക്കാന്‍

പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ഒഴിവാക്കാന്‍
പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ഒഴിവാക്കാന്‍

ബെംഗളുരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ എംപി പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും. ജര്‍മ്മനിയിലേക്ക് കടന്ന പ്രജ്വല്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാരജാകാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം. ഇതിനിടെയാണ് കീഴടങ്ങുമെന്ന് പ്രജ്വല്‍ അറിയിച്ചത്. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് സൂചന.

തനിക്കെതിരായ കേസില്‍ കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ജെഡിഎസ് നേതാവ് കൂടിയായ പ്രജ്വല്‍ രേവണ്ണ അറിയിച്ചു. പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെ നടപടിക്ക് കേന്ദ്രം നീക്കം തുടങ്ങിയിരുന്നു. പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി മുന്‍ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയും മടങ്ങിവരണമെന്ന ആവശ്യവുമായി എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും തിരിച്ചു വരണമെന്നുമാണ് ദേവഗൗഡയുടെ താക്കീത്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാര്‍ട്ടി ലെറ്റര്‍ ഹെഡിലൂടെ പ്രസ്താവന ഇറക്കി മുത്തച്ഛന്‍ കൂടിയായ ദേവഗൗഡ ആവശ്യപ്പെട്ടിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെയാണ് ഏപ്രില്‍ 27ന് പ്രജ്ജ്വല്‍ വിദേശത്തേക്ക് കടന്നത്. ഹാസന്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് ജെഡിഎസ് നേതാവായ പ്രജ്വല്‍ രേവണ്ണ.

Top