ബെംഗളൂരു: ജെഡിഎസ് നേതാക്കളും സഹോദരങ്ങളുമായ കുമാരസ്വാമിക്കും എച്ച്ഡി രേവണ്ണക്കും എതിരെ ആരോപണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. അശ്ലീല ദൃശ്യ വിവാദത്തില്‍ ഇരകളെ ഇവര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ വെളിപ്പെടുത്താന്‍ തയ്യാറാകുന്ന ഇരകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ജ്വലിനെതിരായ ആരോപണങ്ങളും കേസുകളും ബിജെപി നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമായെന്ന് പറഞ്ഞ അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ വിവാദമായ സംഭവത്തില്‍ ഇരകളോട് മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്നും വാക്കുപറഞ്ഞു. സംഭവത്തില്‍ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
അതിനിടെ കേസില്‍ ഇന്നലെ അറസ്റ്റിലായ എച്ച്ഡി രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഈ മാസം എട്ട് വരെ രേവണ്ണ പൊലീസ് കസ്റ്റഡിയില്‍ തുടരും. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം.