സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രകാശ് ജാവദേക്കറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു

സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പ്രകാശ് ജാവദേക്കറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു

തിരുവനന്തപുരം: മൂന്നാം മോദി മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിക്ക് പുറമെ കേരളത്തിൻ്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറെയും പരിഗണിക്കുന്നു. തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതും, വോട്ടിങ് ശതമാനം കുത്തനെ ഉയർത്തിയതുമാണ് പ്രകാശ് ജാവദേക്കർക്ക് ഗുണമായി മാറിയിരിക്കുന്നത്. ഈ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ നേതാക്കളും ജാവദേക്കറെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കോടെ ജാവദേക്കറെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന.

ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണ കേരളത്തിൽ ബി.ജെ.പി നടത്തിയിരിക്കുന്നത്. അത് തൃശൂർ ലോകസഭ സീറ്റ് പിടിച്ചതിൽ മാത്രം ഒതുങ്ങുന്നതുമല്ല. നിലവിൽ നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമത് എത്തിയിരിക്കുന്നത്. ആറര ലക്ഷം വോട്ടുകളാണ് അധികമായി ബി.ജെ.പിയുടെ പെട്ടിയിൽ വീണിരിക്കുന്നത്. ഇടതുപക്ഷത്തിന് നാല് ലക്ഷം വോട്ടുകൾ കുറഞ്ഞപ്പോൾ, ആറ് ലക്ഷം വോട്ടുകളാണ് യു.ഡി.എഫിന് കേരളത്തിൽ നഷ്ടമായിരിക്കുന്നത്.

2019-ൽ ലഭിച്ചതിനേക്കാൾ 1,18,516 വോട്ടുകളാണ് തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചിരിക്കുന്നത്. ആലപ്പുഴയിൽ 1,13,370 വോട്ടുകളും, ആലത്തൂരിൽ 98,393 വോട്ടുകളും കൊല്ലത്ത് 59,871 വോട്ടുകളും ഇത്തവ അധികമായി ബി.ജെ.പി സ്ഥാനാർത്ഥികൾ നേടിയിട്ടുണ്ട്. മൂന്നിടങ്ങളിലൊഴികെ കേരളത്തിലെ 18 മണ്ഡലങ്ങളിലും വോട്ടുവിഹിതം വര്‍ധിപ്പിക്കാൻ ബി.ജെ.പി നേതൃത്വം കൊടുത്ത എന്‍.ഡി.എയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കാള്‍ 3.6% വോട്ടാണ് ഇത്തവണ എന്‍ഡിഎയ്ക്ക് അധികമായി ലഭിച്ചിരിക്കുന്നത്.2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 15.57 ശതമാനമായിരുന്നു സംസ്ഥാനത്ത് എന്‍.ഡി.എ.യുടെ വോട്ടുവിഹിതം. ഇത്തവണ അത് 19.17 ശതമാനമായി ഉയർന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചാലക്കുടിയിലുമാണ് എന്‍.ഡി.എ.യുടെ വോട്ടുവിഹിതത്തില്‍ 2019-നെ അപേക്ഷിച്ച് കുറവുണ്ടായത്. പത്തനംതിട്ടയില്‍ 2019-ല്‍ 28.97 ശതമാനം വോട്ട് നേടിയപ്പോൾ ഇത്തവണ 25.29 ആയി കുറഞ്ഞിട്ടുണ്ട്. ചാലക്കുടിയില്‍ 2019-ല്‍ 15.57 ശതമാനമായിരുന്നു എന്‍.ഡി.എ.യുടെ വോട്ടുവിഹിതം.

ഇത്തവണ അത് 11.18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതിൽ പത്തനംതിട്ടയിൽ വോട്ട് കുറയാൻ കാരണം അനിൽ ആൻ്റണിയെ സ്ഥാനാർത്ഥിയാക്കിയത് ആണെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമുള്ളത്. പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കണമെന്ന സംസ്ഥാന നേതാക്കളുടെ നിർദ്ദേശം മറി കടന്ന് കേന്ദ്ര നേതൃത്വമാണ് അനിൽ ആൻ്റണിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നത്. ഇത് അബദ്ധമായി പോയെന്ന് വൈകിയെങ്കിലും കേന്ദ്ര നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബി.ജെ.പി. ജയിച്ച തൃശ്ശൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 18 ലോക്‌സഭ മണ്ഡലങ്ങളിലും എന്‍.ഡി.എ. വോട്ടുകൾ വര്‍ധിച്ചത് ബി.ജെ.പിയുടെ കേരള പ്രതീക്ഷ വർദ്ധിപ്പിക്കാൻ കാരണമായിരിക്കുകയാണ്. ആലപ്പുഴയിലും ആലത്തൂരിലും 2019-ലേതിനെക്കാള്‍ പത്ത് ശതമാനത്തിലേറെ വോട്ടാണ് കൂടിയത്. ആലത്തൂര്‍- 2019: 8.82%, 2024: 18.97%. എന്നിങ്ങനെയാണ് വർദ്ധനവിൻ്റെ ഗ്രാഫ്. ആലപ്പുഴയിലാകട്ടെ 2019 ൽ 17.24% ആയിരുന്നെങ്കിൽ 2024 ൽ അത് 30% ആയാണ് വർദ്ധിച്ചിരിക്കുന്നത്.

സുരേഷ് ഗോപി ജയിച്ച തൃശ്ശൂരില്‍ എന്‍.ഡി.എ.യ്ക്ക് ഇത്തവണ 9.60 ശതമാനം വോട്ടാണ് കൂടിയത്. 2019-ല്‍ 28.20 ശതമാനമായിരുന്നത് 2024-ല്‍ 37.8 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും യഥാക്രമം 30.95, 30.08 ശതമാനം വോട്ടാണ് തൃശൂരിൽ ലഭിച്ചിരിക്കുന്നത്. ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്തും വോട്ടുവിഹിതം ഉയര്‍ന്നിട്ടുണ്ട്. ആറ്റിങ്ങലിലും കൊല്ലത്തും ഏഴുശതമാനത്തോളം വോട്ടാണ് എന്‍.ഡി.എ.യ്ക്ക് വര്‍ധിച്ചിരിക്കുന്നത്. ഒന്നു കൂടി ആഞ്ഞു പിടിച്ചാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 20 സീറ്റിലെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം കരുതുന്നത്.

കേരളത്തിൽ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ പ്രകാശ് ജാവദേക്കർ വഹിച്ച പങ്ക് മനസ്സിലാക്കി അദ്ദേഹത്തിന് ഉന്നതമായ പദവി നൽകണമെന്ന താൽപ്പര്യം ആർ.എസ്.എസ് നേതൃത്വത്തിനും ഉണ്ട്. ആർ.എസ്.എസിന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ബലിദാനികൾ ഉള്ള സംസ്ഥാനം കേരളമായതിനാൽ, അവിടെ ബി.ജെ.പി അക്കൗണ്ട് തുറന്നതിൽ, നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനവും ആഹ്ലാദത്തിലാണ്. കേരളത്തിലെ മുന്നണി സമവാക്യങ്ങൾ പൊളിച്ചെഴുതാൻ ബി ജെ പിക്ക് ഇനി കഴിയുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നുമാണ് ആർ.എസ്.എസ് നേതൃത്വം കരുതുന്നത്.

Top