സ്ത്രീകളുടെ വോട്ട് ലഭിച്ചാലും ഇല്ലെങ്കിലും മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നത് തുടരും; പ്രശാന്ത് കിഷോര്‍

നിലവില്‍ ബിഹാറിലുള്ള മദ്യനിരോധനം തികച്ചും വ്യാജം

സ്ത്രീകളുടെ വോട്ട് ലഭിച്ചാലും ഇല്ലെങ്കിലും മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നത് തുടരും; പ്രശാന്ത് കിഷോര്‍
സ്ത്രീകളുടെ വോട്ട് ലഭിച്ചാലും ഇല്ലെങ്കിലും മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നത് തുടരും; പ്രശാന്ത് കിഷോര്‍

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തിലേറുകയാണെങ്കില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളയുമെന്ന് ജന്‍ സുരാജ് കണ്‍വീനര്‍ പ്രശാന്ത് കിഷോര്‍. മഹാത്മഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് തന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി പിറവിയെടുക്കുമെന്നും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു.

നിലവില്‍ ബിഹാറിലുള്ള മദ്യനിരോധനം തികച്ചും വ്യാജം. ഹോം ഡെലിവറിയായി യഥേഷ്ടം മദ്യം ലഭ്യമാകുന്നുണ്ടെന്ന് ആരോപിച്ചു. പുര്‍ണിയയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന് ഓരോ വര്‍ഷവും 20,000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട ഈ പണം അനധികൃത മദ്യവില്‍പ്പനയിലൂടെ നേതാക്കന്മാരിലേക്കും ഉദ്യോഗസ്ഥരിലേക്കും മദ്യമാഫിയകളിലേക്കും പോകുന്നതായും അദ്ദേഹം ആരോപിച്ചു.

മദ്യനിരോധനം എടുത്തുകളയുമെന്ന നിലപാട് സ്ത്രീവോട്ടര്‍മാരുടെ എതിര്‍പ്പിനിടയാക്കില്ലേ എന്ന ചോദ്യത്തിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘എനിക്ക് സ്ത്രീകളുടെ വോട്ട് ലഭിച്ചാലും ഇല്ലെങ്കിലും, ഞാന്‍ മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നത് തുടരും. കാരണം ഇത് ബിഹാറിന്റെ താല്‍പ്പര്യത്തിന് യോജിച്ചതല്ല’.

Top